Monday, November 23, 2009

നമ്പര്‍ വണ്‍


1998-ല്‍ ഉച്ചവെയില്‍ യാത്രപറഞ്ഞുപോയ ഒരു സ്‌കൂള്‍ മൈതാനം.
കോട്ടയം മൗണ്ട്‌ കാര്‍മല്‍സ്‌കൂളില്‍ ബാസ്‌കറ്റ്‌ബോള്‍ ടീമിന്റെ കോച്ചിംഗ്‌ ക്യാമ്പ്‌ നടക്കുന്നു. കോച്ചിന്റെ നിര്‍ദേശമനുസരിച്ച്‌ കുട്ടികള്‍ കഠിനമായ പരിശീലനത്തിലാണ്‌. സ്‌കൂളിലെ സ്‌പോര്‍ട്‌സ്‌ ഡേയ്‌ക്കുള്ള ഒരുക്കത്തിലാണു കോച്ചും കുട്ടികളും.

കോര്‍ട്ടിന്റെ അല്‌പമകലെയായി ഒരു എട്ടാം ക്ലാസുകാരി നില്‌പുണ്ടായിരുന്നു. കുട്ടികള്‍ ബോളുമായി കോര്‍ട്ടിലൂടെ മുന്നേറുന്നതും സ്‌കോര്‍ ചെയ്യുന്നതും അവളില്‍ കൗതുകമുളവാക്കി. അവളുടെ കണ്ണുകളില്‍ തിളങ്ങിയിരുന്ന കൗതുകം ഒരാള്‍ കാണുന്നുണ്ടായിരന്നു- സ്‌കൂള്‍ പ്രിന്‍സിപ്പല്‍. ഉയരമേറിയ ആ നാണംകുണുങ്ങിയെ അവര്‍ കോച്ചിംഗ്‌ ക്യാമ്പിലേക്കു ക്ഷണിച്ചു......
2009 സെപ്‌റ്റംബറില്‍ ചെന്നൈയിലെ ഒരുസായാഹ്നം.
ജവാഹര്‍ലാല്‍നെഹ്‌റു ഇന്‍ഡോര്‍‌സ്റ്റേഡിയത്തില്‍ ഏഷ്യന്‍ വനിതാ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ നടക്കുന്നു... സ്റ്റേഡിയത്തില്‍ ജനക്കൂട്ടം തിങ്ങിനിറഞ്ഞിരിക്കുകയാണ്‌. കോര്‍ട്ടിലേക്കു മാര്‍ച്ച്‌ പാസ്റ്റ്‌ ആരംഭിച്ചു. ഓരോ രാജ്യത്തിന്റെയും ടീമുകള്‍ നിരനിരയായി എത്തിക്കൊണ്ടിരുന്നു. അവസാനം ആതിഥേയര്‍ ഇന്ത്യ. സ്റ്റേഡിയത്തിലാകെ ആവേശത്തിമിര്‍പ്പ്‌. ടീമിന്റെ ഏറ്റവും മുമ്പില്‍ ത്രിവര്‍ണ പതാക അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ച്‌ ഒരു മലയാളിപ്പെണ്‍കുട്ടി. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കോട്ടയം മൗണ്ട്‌കാര്‍മല്‍ സ്‌കൂളിലെ ബാസ്‌കറ്റ്‌ ബോള്‍ കോര്‍ട്ടിന്റെ സമീപത്ത്‌ കൗതുകത്തോടെ നിന്ന ആ പഴയ കുട്ടി. ഗീതു അന്ന ജോസ്‌.

ആരാണ്‌ ഇന്നു ഗീതു? ഇന്ത്യന്‍ ബാസ്‌കറ്റ്‌ ബോളിനു പെണ്‍കരുത്തു നല്‌കിയ അതുല്യ താരം. കണ്ണുചിമ്മുന്ന വേഗത്തില്‍ പാസുകള്‍ നല്‌കിയും വശ്യമായ സൗന്ദര്യത്തോടെ ബാസ്‌കറ്റുകള്‍ നിറച്ചും എതിര്‍ടീമുകള്‍ക്കു പേടിസ്വപ്‌നമായി മാറുന്ന പെണ്‍കുട്ടി. കളിച്ച മിക്ക മത്സരങ്ങളിലും ടോപ്‌ സ്‌കോറര്‍. ടീം ഇന്ത്യയുടെ ക്യാപ്‌റ്റന്‍. സതേണ്‍ റെയില്‍വേ ബാസ്‌കറ്റ്‌ബോള്‍ ടീമിന്റെ വജ്രായുധം. അതൊക്കെയായിത്തീര്‍ന്നിരിക്കുന്നു ആ നാണം കുണുങ്ങി. നാട്ടിന്‍പുറത്തിന്റെ നന്മ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്ന, അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടി. കളിക്കാനിറങ്ങുമ്പോള്‍ പഴയനിയമത്തിലെ 20-ാം സങ്കീര്‍ത്തനവും മത്സരശേഷം 21-ാം സങ്കീര്‍ത്തനവും വായിക്കുന്ന താരം. ഫെഡറേഷന്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ (ഫിബ) ഇപ്പോഴത്തെ റാങ്കിംഗില്‍ ഏഷ്യയിലെ നമ്പര്‍ വണ്‍. ഇത്രയും ഉയരത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരി.
ചെന്നൈയിലെ സതേണ്‍റെയില്‍വേയുടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഗീതു വിയറ്റ്‌നാമില്‍ ഒരു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തതിനു ശേഷം രണ്ടുദിവസത്തെ അവധിയില്‍ ചങ്ങനാശേരിക്കടുത്ത തുരുത്തിയിലെ വീട്ടിലെത്തിയപ്പോഴാണ്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ അവസരമൊരുങ്ങിയത്‌. ഗീതുവിനൊപ്പം അല്‌പസമയം.

സ്‌കൂള്‍ പഠനകാലത്ത്‌ ഗീതു അത്‌ലറ്റിക്‌സിലാണു തിളങ്ങിയിരുന്നത്‌ എന്നു കേട്ടല്ലോ?
ശരിയാണ്‌. സ്‌കൂള്‍പഠനകാലത്ത്‌ അത്‌ലറ്റിക്‌സ്‌ മത്സരങ്ങളില്‍ ജില്ലാതലത്തില്‍ വ്യക്തിഗത ചാമ്പ്യനായിട്ടുണ്ട്‌. ഹൈജംപ്‌, ലോംഗ്‌ ജംപ്‌, ഹര്‍ഡില്‍സ്‌ എന്നിവയിലായിരുന്നു ഞാന്‍ മത്സരിച്ചിരുന്നത്‌.

എന്റെ ഫേവറിറ്റ്‌ ഇനം ഹൈജംപ്‌ ആയിരുന്നു. ഒരിക്കല്‍ സംസ്ഥാന കായികമേള നടന്നത്‌ കോട്ടയത്ത്‌ ആയിരുന്നു. അന്നു മത്സരിക്കാന്‍ പറ്റാതെ പോയത്‌ ഒരിക്കലും എനിക്കു മറക്കാനാവില്ല. എന്റെ മത്സരം ഞായറാഴ്‌ചയായിരുന്നു. കായികമേള നടക്കുന്നത്‌ ഇവിടെ കോട്ടയത്ത്‌ ആയിരുന്നതിനാല്‍ ഞാന്‍ ശനിയാഴ്‌ച വൈകിട്ട്‌ വീട്ടില്‍ പോയി. പിറ്റേന്നു പള്ളിയില്‍ പോയതിനു ശേഷമാണു മത്സരം നടക്കുന്നിടത്ത്‌ എത്തിയത്‌. അപ്പോള്‍ എന്നെ എതിരേറ്റത്‌ മത്സരം കഴിഞ്ഞെന്ന വാര്‍ത്തയായിരുന്നു. ഞാനാകെ തകര്‍ന്നുപോയി. മത്സരത്തിന്റെ സമയം മാറ്റിയത്‌ അധ്യാപകര്‍ എന്നെ അറിയിച്ചില്ല. എനിക്കു സമ്മാനം നേടാന്‍ കഴിയുമെന്ന്‌ ഉറച്ച വിശ്വാസമുണ്ടായിരുന്ന ഇനമായിരുന്നു അത്‌. അത്തവണ ഹൈജംപില്‍ ഒന്നാമതെത്തിയ കുട്ടി ഞാന്‍ ജംപ്‌ ചെയ്യുന്ന ഉയരത്തിനടുത്തു പോലുമെത്തിയില്ല എന്നത്‌ എന്റെ കരച്ചിലിന്റെ ശക്തികൂട്ടി. കരഞ്ഞുകൊണ്ടാണ്‌ പിന്നെ ഹര്‍ഡില്‍സില്‍ പങ്കെടുത്തത്‌. അങ്ങനെ അതിലും പിന്നിലായി. അന്ന്‌ ഒത്തിരി ദുഃഖം തോന്നിയിരുന്നു. എനിക്കു കോച്ചിംഗ്‌ പോലുമില്ലായിരുന്നു അക്കാലത്ത്‌.

ബാസ്‌കറ്റ്‌ ബോളിലേക്കു വരാനുണ്ടായ സാഹചര്യം...?
തികച്ചും യാദൃച്ഛികമായാണു ബാസ്‌കറ്റ്‌ബോളിലെത്തിയത്‌. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്‌. അതുവരെ എന്റെ ശ്രദ്ധ അത്‌ലറ്റിക്‌സിലായിരുന്നു എന്നു പറഞ്ഞല്ലോ. വോളിബോള്‍ ഇഷ്ടമായിരുന്നു. കളിക്കാറുമുണ്ടായിരുന്നു. എന്നാല്‍, പരിശീലനസൗകര്യം ഇല്ലാത്തതിനാല്‍ അതു പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. ബാഡ്‌മിന്റണ്‍ കളിക്കാനും സമയം കണ്ടെത്തിയിരുന്നു. പക്ഷേ അതൊന്നും തുടരാനാ യില്ല. അങ്ങനെയിരിക്കേയാണ്‌ എന്റെ ഉയരം കണ്ട്‌ സ്‌കൂളിലെ പ്രിന്‍സിപ്പലും അധ്യാപകരും എന്നെ ബാസ്‌കറ്റ്‌ബോള്‍ കളിക്കാന്‍ ക്ഷണിച്ചത്‌. അങ്ങനെയാണ്‌ തുടക്കം.
ബാസ്‌കറ്റ്‌ ബോള്‍ കോര്‍ട്ടിലെ ആദ്യദിനം സംഭവബഹുലമായി രുന്നു എന്നു കേട്ടല്ലോ?
ശരിയാണ്‌. ആ ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല. സ്‌കൂള്‍ സ്‌പോര്‍ട്‌സ്‌ സീസണായിരുന്നു അത്‌. കോര്‍ട്ടില്‍ തകൃതിയായി കോച്ചിംഗ്‌ നടക്കുകയാണ്‌. ആദ്യമായതിനാല്‍ ഞാന്‍ അല്‌പം ടെന്‍ഷനോടെയാണ്‌ അവിടെയെത്തിയത്‌. മറ്റു കുട്ടികള്‍ കോര്‍ട്ടിനു ചുറ്റും ഓടാന്‍ തയാറെടുക്കുകയാ യിരുന്നു. അപ്പോഴവിടെയെത്തിയ എന്നെക്കണ്ടപ്പോള്‍ കായികാധ്യാപകന്‍, പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന കുട്ടികളുടെ കൂടെ ഓടാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഓടി. ഒന്നോ രണ്ടോ റൗണ്ട്‌ മാത്രമായിരിക്കും ഓടേണ്ടിവരിക എന്ന കണക്കുകൂട്ടലായിരുന്നു മനസില്‍. രണ്ടു മൂന്നു റൗണ്ട്‌ കഴിഞ്ഞു... തീരുന്ന മട്ടില്ല... അഞ്ച്‌... പത്ത്‌..... ഓട്ടം തീരുന്നില്ല. ഒടുവില്‍ നിറുത്തിയത്‌ 25-ാം റൗണ്ട്‌ പൂര്‍ത്തിയായപ്പോള്‍. ഓടി നിന്നതും ഞാന്‍ വീണു പോയി. പിന്നെ അവിടെയുള്ളവര്‍ കണ്ടത്‌ എന്റെ കരച്ചിലായിരുന്നു. ഞാനാകെ തളര്‍ന്നിരുന്നു. ഇങ്ങനെയാണ്‌ ബാസ്‌കറ്റ്‌ബോളെങ്കില്‍ ഞാനില്ലെന്നു തീരുമാനിച്ചു. പക്ഷേ കൂട്ടുകാരും അധ്യാപകരും പ്രോത്സാഹിപ്പിച്ചു. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ പിറ്റേന്നുമുതല്‍ വീണ്ടും കോര്‍ട്ടിലെത്തി. ഉയരമാണ്‌ എന്റെ വലിയ അഡ്വാന്റേജ്‌ എന്ന്‌ എല്ലാവരും പറഞ്ഞിട്ടുണ്ട്‌. ക്രമേണ സ്‌കൂള്‍ ടീമിലേക്കു സെലക്‌ഷന്‍ ലഭിച്ചു. 2002-ല്‍ സ്റ്റേറ്റ്‌ ജൂനിയര്‍ ടീമിലും 2003-ല്‍ സീനിയര്‍ ടീമിലുമെത്തി. 2004-ല്‍ ആണ്‌ ദേശീയ ടീമിലെത്തുന്നത്‌. ഈ വര്‍ഷം ക്യാപ്‌റ്റനായി. റെയില്‍വേയ്‌ക്കുവേണ്ടിയാണ്‌ ഇപ്പോള്‍ കളിക്കുന്നത്‌.

ഇന്ത്യയുടെ വനിതാ ബാസ്‌കറ്റ്‌ബോള്‍ ടീം നായികയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്തുതോന്നി?
പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമായിരുന്നു. ഇന്ത്യയ്‌ക്കുവേണ്ടി കളിക്കുക എന്നതുതന്നെ വലിയ കാര്യമാണല്ലോ. ടീമിന്റെ ജേഴ്‌സിയണിയുമ്പോള്‍ ഒരു വല്ലാത്ത ആവേശമാണ്‌. 2004-ലാണ്‌ ദേശീയ ടീമില്‍ കളിക്കാന്‍ തുടങ്ങിയത്‌. എന്നെങ്കിലുമൊരിക്കല്‍ ടീമിനെ} നയിക്കാനുള്ള അവസരമൊരുങ്ങുമെന്ന തോന്നലുണ്ടാ യിരുന്നു. ടീമിന്റെ ക്യാപ്‌റ്റനായെങ്കിലും ഞാനൊരിക്കല്‍ പോലും കൂടെ കളിക്കുന്നവരുടെമേല്‍ ഒന്നും അടിച്ചേല്‌പി ക്കാറില്ല. അഞ്ചുപേരാണു ടീമില്‍ കളിക്കുന്നത്‌. സ്വതന്ത്രമായി കളിക്കുമ്പോള്‍ മാത്രമേ ഓരോരുത്തര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കൂ എന്നാണ്‌ എന്റെ വിശ്വാസം. കോര്‍ട്ടിലെ സമ്മര്‍ദം ഞാന്‍ കൂടെക്കളിക്കുന്നവരെ അറിയിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കും. ഒരിക്കലും ക്യാപ്‌റ്റന്റെ അധികാരമുപയോഗിച്ച്‌ അവരെ നിയന്ത്രിക്കാന്‍ ശ്രമിക്കാറില്ല. തന്നെയുമല്ല, എന്നെക്കാള്‍ സീനിയറായ പലരും ടീമിലുണ്ട്‌. അവരുടെ അനുഭവ സമ്പത്തുമായി തട്ടിച്ചു നോക്കുമ്പോള്‍ ഞാന്‍ നിസാരയാണ്‌. എന്നില്‍ വിശ്വാസമുള്ളതുകൊണ്ടാണ്‌ എന്നെ ക്യാപ്‌റ്റനായി തെരഞ്ഞെടുത്തത്‌. എല്ലാവരുടെയും പ്രതീക്ഷയ്‌ക്കൊത്ത നിലയില്‍ കളിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്‌.

വിമര്‍ശനങ്ങളോട്‌ എങ്ങനെ പ്രതികരിക്കുന്നു?
വിമര്‍ശനങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്‌. പോസിറ്റീവ്‌ ആയവയെ ഉള്‍ക്കൊള്ളും. അല്ലാത്തവയെ ശ്രദ്ധിക്കാറില്ല. ക്യാപ്‌റ്റനായതുകൊണ്ട്‌ ടീമിന്റെ ഉത്തരവാദിത്വം എനിക്കാണ്‌. ടീമെന്ന നിലയില്‍ ഏറ്റവുമധികം വിമര്‍ശനങ്ങളുണ്ടായത്‌ ഏഷ്യന്‍ വനിതാ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലാണ്‌. അവസാന മത്സരത്തിലൊഴികെ എല്ലാ കളികളിലും ഇന്ത്യ തോറ്റു. ചില മാധ്യമങ്ങളില്‍ ഞങ്ങള്‍ക്കുനേരേ രൂക്ഷമായ വിമര്‍ശനങ്ങളുമായി. ടോപ്‌ സ്‌കോററായതുകൊണ്ടു മാത്രം എന്നെ ഒഴിവാക്കിയായിരുന്നു വാചകക്കസര്‍ത്ത്‌. എന്നാല്‍, എന്തുകൊണ്ടാണ്‌ ഇന്ത്യ തോല്‌വികളേറ്റുവാങ്ങിയത്‌ എന്നാരും ചിന്തിച്ചില്ല. മത്സരം തുടങ്ങുന്നതിന്‌ ആഴ്‌ചകള്‍ക്കുമുമ്പു മാത്രമാണു നമ്മള്‍ കോച്ചിംഗ്‌ ക്യാമ്പ്‌ ആരംഭിക്കുന്നത്‌. ശക്തരായ എതിരാളികളുമായാണ്‌ കളിക്കുന്നത്‌ എന്നോര്‍ക്കണം. ചില കാര്യങ്ങള്‍ പറയണമെന്നുണ്ട്‌. അവ പലതും വിവാദമുണ്ടാക്കുമല്ലോ എന്നു കരുതി പറയാത്തതാണ്‌. ടീമെന്ന നിലയില്‍ നാം ഇനിയും വളരെയധികം മുന്നോട്ടു പോകാനുണ്ട്‌.

എത്രകാലം ഈ ഫീല്‍ഡില്‍ തുടരണമെന്നാണ്‌ ആഗ്രഹം?
കഴിവുള്ളവരെ എന്നും ലോകം അംഗീകരിക്കും എന്ന കാഴ്‌ചപ്പാടാണ്‌ എനിക്കു ള്ളത്‌. പലരുമായും എന്നെ ഉപമിച്ച്‌ ഇപ്പോള്‍ ധാരാളം വാര്‍ത്തകള്‍ വരുന്നുണ്ട്‌. ഞാനതൊന്നും ശ്രദ്ധിക്കാറില്ല. ഞാന്‍ ഗീതുമാത്രമാണ്‌. കളിയില്‍ മാത്രമാണ്‌ എന്റെ ശ്രദ്ധ. മറ്റൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. എനിക്ക്‌ എന്റേതായി കളിക്കാന്‍ പറ്റുന്നകാലത്തോളം കളിക്കളത്തില്‍ തുടരണമെന്നാണ്‌ ആഗ്രഹം.

വിദേശക്ലബ്ബിലെ അനുഭവങ്ങള്‍?
ഓസ്‌ട്രേലിയന്‍ ക്ലബ്ബായ റിംഗ്‌വുഡിലാണു ഞാന്‍ കളിച്ചത്‌. ഞാന്‍ ഇന്ന്‌ ബാസ്‌കറ്റ്‌ ബോളില്‍ ആരെങ്കിലുമായെങ്കില്‍ അതിനു മുഖ്യ കാരണം റിംഗ്‌വുഡിലെ പരിശീലനമാണ്‌. വളരെ സിസ്റ്റമാറ്റിക്കായാണ്‌ അവിടെ പരിശീലനം നടക്കുന്നത്‌. അവിടെ കളിച്ച പരിചയം എന്നെ ഇക്കഴിഞ്ഞ ഏഷ്യന്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ഒത്തിരിയൊത്തിരി സഹായിച്ചു. കളിച്ച എല്ലാ കളികളിലും ടോപ്‌സ്‌കോററാകാനും കഴിഞ്ഞു. ഓസ്‌ട്രേലിയക്കാര്‍ ബാസ്‌കറ്റ്‌ ബോളിനെ വളരെ സീരിയസായിട്ടാണു കാണുന്നത്‌. അവരുടെ കള്‍ച്ചറും ഭാഷയും വ്യത്യസ്‌തമാണെങ്കിലും ബാസ്‌കറ്റ്‌ ബോളിന്റെ ഭാഷ എല്ലായിടത്തും ഒന്നാണല്ലോ.

മറ്റേതെങ്കിലും ക്ലബുകളില്‍നിന്ന്‌ ഓഫറുകള്‍ വന്നിട്ടുണ്ടോ?
ജോര്‍ദാനിലെ ഒരു പ്രമുഖ ക്ലബില്‍ നിന്നും അമേരിക്കയിലെ ചില ക്ലബുകളില്‍ നിന്നും ഓഫറുകള്‍ വന്നിട്ടുണ്ട്‌. ഇപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ല. കരിയറിന്റെ വളര്‍ച്ചയ്‌ക്കു സഹായിക്കുന്ന ഓഫറുകള്‍ മാത്രമേ സ്വീകരിക്കു. പിന്നെ ദൈവം തീരുമാനിക്കട്ടെ.
വലിയ ദൈവ വിശ്വാസിയാണല്ലേ?
വളരെ ശരിയാണ്‌. പ്രാര്‍ഥിച്ചതിനു ശേഷമേ മത്സരിക്കാനിറ ങ്ങാറുള്ളു. വാം അപ്പിനുശേഷം ദൈവമേയെന്ന്‌ ഉള്ളില്‍ വിചാരിച്ചുകൊണ്ടാണ്‌ കളിയാരംഭിക്കുക. എല്ലാത്തിനും പിന്നില്‍ ദൈവമെന്ന ശക്തിയുടെ ഇടപെടല്‍ ഉണ്ടെന്നാണ്‌ എന്റെ വിശ്വാസം. കളിയാരംഭിക്കുന്നതിനു മുമ്പും പിമ്പും സങ്കീര്‍ത്തനങ്ങള്‍ വായിക്കുന്നത്‌ എന്റെ ശീലമാണ്‌. എന്റെ വീട്ടുകാരോട്‌ ഒത്തിരിയടുപ്പമുള്ള ഒരു ഈപ്പച്ചനച്ചനാണ്‌ എന്നെ ഈ വായിക്കുന്ന ശീലത്തിലേക്കു നയിച്ചത്‌.
എന്നാണു കളിക്കളത്തില്‍ ഏറ്റവും നൈരാശ്യം തോന്നിയത്‌?
ജയിക്കാമായിരുന്നിട്ടും കൈവിട്ട ഒരു കളിയാണ്‌ എന്നെ ഇന്നും സങ്കടപ്പെടുത്തുന്നത്‌. ഏഷ്യന്‍ വനിതാ ബാസ്‌കറ്റ്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ്‌ തായ്‌പേയിയുമായി കളിച്ച ഒരു മത്സരമാണത്‌. ഒരു ശരാശരി ടീമായിരുന്നു അവരുടേത്‌. നമുക്ക്‌ അവരെ ഈസിയായി തോല്‌പിക്കാമായി രുന്നു. പക്ഷേ അന്ന്‌ നമ്മള്‍ തോറ്റു. ജയിച്ചിരൂന്നെങ്കില്‍ ടൂര്‍ണമെന്റില്‍ സെമിയെങ്കിലും പ്രതീക്ഷിക്കാമായിരുന്നു. 22 പോയിന്റിനാണ്‌ തോറ്റത്‌. 32 പോയിന്റായിരുന്നു എന്റെ സമ്പാദ്യം. കൂടെക്കളിച്ച ആരും സാധാരണ കളിക്കുന്ന രീതിയില്‍പ്പോലും കളിച്ചില്ല. അങ്ങനെ അന്ന്‌ തോറ്റു. അന്നാദ്യമായി, ഒരു മത്സരം തോറ്റസങ്കടത്തില്‍ ഞാന്‍ കരഞ്ഞു.

എഴുത്ത്‌്‌... വായന... എന്തെങ്കിലും?
വായിക്കാന്‍ എന്തുകിട്ടിയാലും വായിക്കും. മുടങ്ങാതെ ഡയറി എഴുതും. അത്‌ ആരെയും കാണിച്ചിട്ടില്ല. സന്തോഷവും ദേഷ്യവും സങ്കടവുമെല്ലാം കുത്തിക്കുറിക്കുന്നത്‌ അവിടെയാണ്‌. പാട്ടു കേള്‍ക്കുന്നത്‌ ഇഷ്ടമാണ്‌.

സ്വന്തം ഉയരത്തെപ്പറ്റി എന്തുതോന്നുന്നു?
ആദ്യമൊക്കെ ഉയരം ഒട്ടും ഇഷ്ടമില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ എന്റെ അഡ്വാന്റേജ്‌ ഈ ആറടി രണ്ടിഞ്ച്‌ ഉയരമാണ്‌. ബസില്‍ കയറുമ്പോള്‍ കുനിഞ്ഞു നില്‌ക്കണം. ട്രെയിന്‍ ബെര്‍ത്തില്‍ കിടക്കുമ്പോള്‍ കാലുകള്‍ പുറത്താണ്‌. തിയേറ്ററില്‍ സിനിമകാണാന്‍ ഇരിക്കുമ്പോള്‍ പുറകിലുള്ളവര്‍ തോണ്ടിയിട്ടു പറയും, ലേശം താഴ്‌ന്നിരിക്കാന്‍. ഇതൊക്കെ ആദ്യകാലത്ത്‌ എന്നെ വിഷമിപ്പിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ അതൊന്നും ആലോചിക്കാറില്ല.

പുതിയ തലമുറയിലെ കളിക്കാരോട്‌ എന്താണു പറയാനുള്ളത്‌?
എന്നെ സംബന്ധിച്ചിടത്തോളം ചെറുപ്പത്തില്‍ എന്തായിത്തീരണമെന്ന ലക്ഷ്യമില്ലായിരുന്നു. സാഹചര്യങ്ങള്‍ നേരെയായപ്പോഴാണു ഞാന്‍ ഇവിടെയെത്തിയത്‌. ഒരു സ്വപ്‌നമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. കൃത്യമായി പരിശീലനം നടത്തുക. വിജയം നിങ്ങളുടേതായിരിക്കും. പിന്നെ എനിക്ക്‌ ഒരു ആഗ്രഹമുണ്ട്‌. ഒരു അക്കാദമി പോലെ എന്തെങ്കിലുമൊന്നു തുടങ്ങണം. ചെറുപ്പം മുതല്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കണം. ഇന്ത്യയുടെ ഭാവി വാഗ്‌ദാനങ്ങളെ കണ്ടെത്തണം...ഇതൊക്കെ എന്റെ സ്വപ്‌നങ്ങളാണ്‌.
പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ വിഷമമില്ലേ?
തീര്‍ച്ചയായും വിഷമമുണ്ട്‌. ഞാന്‍ ചങ്ങനാശേരി അസംപ്‌ഷനില്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായിരി ക്കേയാണു റെയില്‍വേ ടീമിലേക്കു പോകുന്നത്‌. പിന്നെ കോഴ്‌സ്‌ കംപ്ലീറ്റ്‌ ചെയ്യാന്‍ സാധിച്ചില്ല. ചെന്നൈയില്‍ ചെന്നിട്ട്‌ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്‌ത്‌ ഡിഗ്രിയെടുക്കാന്‍ ഒരു ശ്രമം നടത്തി. പക്ഷേ കളിത്തിരക്കുകള്‍ക്കിടയില്‍ അതിനും കഴിഞ്ഞില്ല. പഠനം മുഴുമിപ്പിക്കാനുള്ള ആഗ്രഹം ഇപ്പോഴുമുണ്ട്‌. അത്‌ ഇനി എന്നു നടക്കുമെന്നറിയില്ല.

വിവാഹം?
എന്നെക്കാള്‍ ഹൈറ്റ്‌ ഉള്ള ഒരാളെയാണ്‌ എനിക്കു ജീവിതത്തില്‍ കൂടെക്കൂട്ടാന്‍ അഗ്രഹം. എന്നെ മനസിലാക്കുന്നയാളുമായിരിക്കണം. അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ.


ഗീതുവിന്റെ പപ്പ മരിച്ചിട്ട്‌ രണ്ടു വര്‍ഷം കഴിഞ്ഞു. വീട്ടില്‍ ഇപ്പോള്‍ അമ്മയും വല്യമ്മയും രണ്ടു സഹോദരങ്ങളുമാണുള്ളത്‌. ചേച്ചി നേഴ്‌സാണ്‌. ഗീതുവിന്റെ പാതയില്‍ നടക്കുന്ന അനിയന്‍ എംജി യൂണിവേഴ്‌സിറ്റി ബാസ്‌കറ്റ്‌ ബോള്‍ ടീമിന്റെ ക്യാപ്‌റ്റന്‍. തുരുത്തിയിലെ കൊച്ചുവീട്ടില്‍ ഗീതു അവധി കിട്ടുമ്പോഴൊക്കെ ഓടിയെത്താറുണ്ട്‌- ചിണുങ്ങിക്കൊണ്ട്‌ വല്യമ്മച്ചിയുടെ മടിയില്‍തലവച്ചു കിടന്ന്‌ കുഞ്ഞുവര്‍ത്തമാനം പറയാന്‍.... അമ്മയുണ്ടാക്കുന്ന സ്‌പെഷല്‍ പുട്ടും കടലയും കഴിക്കാന്‍... ചേച്ചിയോട്‌ കിന്നാരം പറയാന്‍.... അനിയനെ കോര്‍ട്ടിലെ കഥകള്‍ പറഞ്ഞുകേള്‍പ്പിക്കാന്‍... നാട്ടുകാരുടെ സ്‌നേഹം നിറഞ്ഞ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുവാന്‍... ചുമ്മാതെ കിടന്നുറങ്ങാന്‍.... ഇത്രയൊക്കെ ഉയരത്തിലെത്തിയെങ്കിലും ഗീതുവിനെ ഇതുവരെ കേരളസര്‍ക്കാര്‍ കണ്ട ഭാവമില്ല. ഒരുസഹായവും നല്‌കിയിട്ടുമില്ല. അതില്‍ അതില്‍ ഗീതുവിനു പരിഭവമില്ല. നല്‌കാനുള്ളവന്‍ മുകളിലുള്ളപ്പോള്‍ ആരോടു പരാതിപ്പെടണം?