Monday, November 23, 2009

നമ്പര്‍ വണ്‍


1998-ല്‍ ഉച്ചവെയില്‍ യാത്രപറഞ്ഞുപോയ ഒരു സ്‌കൂള്‍ മൈതാനം.
കോട്ടയം മൗണ്ട്‌ കാര്‍മല്‍സ്‌കൂളില്‍ ബാസ്‌കറ്റ്‌ബോള്‍ ടീമിന്റെ കോച്ചിംഗ്‌ ക്യാമ്പ്‌ നടക്കുന്നു. കോച്ചിന്റെ നിര്‍ദേശമനുസരിച്ച്‌ കുട്ടികള്‍ കഠിനമായ പരിശീലനത്തിലാണ്‌. സ്‌കൂളിലെ സ്‌പോര്‍ട്‌സ്‌ ഡേയ്‌ക്കുള്ള ഒരുക്കത്തിലാണു കോച്ചും കുട്ടികളും.

കോര്‍ട്ടിന്റെ അല്‌പമകലെയായി ഒരു എട്ടാം ക്ലാസുകാരി നില്‌പുണ്ടായിരുന്നു. കുട്ടികള്‍ ബോളുമായി കോര്‍ട്ടിലൂടെ മുന്നേറുന്നതും സ്‌കോര്‍ ചെയ്യുന്നതും അവളില്‍ കൗതുകമുളവാക്കി. അവളുടെ കണ്ണുകളില്‍ തിളങ്ങിയിരുന്ന കൗതുകം ഒരാള്‍ കാണുന്നുണ്ടായിരന്നു- സ്‌കൂള്‍ പ്രിന്‍സിപ്പല്‍. ഉയരമേറിയ ആ നാണംകുണുങ്ങിയെ അവര്‍ കോച്ചിംഗ്‌ ക്യാമ്പിലേക്കു ക്ഷണിച്ചു......
2009 സെപ്‌റ്റംബറില്‍ ചെന്നൈയിലെ ഒരുസായാഹ്നം.
ജവാഹര്‍ലാല്‍നെഹ്‌റു ഇന്‍ഡോര്‍‌സ്റ്റേഡിയത്തില്‍ ഏഷ്യന്‍ വനിതാ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ നടക്കുന്നു... സ്റ്റേഡിയത്തില്‍ ജനക്കൂട്ടം തിങ്ങിനിറഞ്ഞിരിക്കുകയാണ്‌. കോര്‍ട്ടിലേക്കു മാര്‍ച്ച്‌ പാസ്റ്റ്‌ ആരംഭിച്ചു. ഓരോ രാജ്യത്തിന്റെയും ടീമുകള്‍ നിരനിരയായി എത്തിക്കൊണ്ടിരുന്നു. അവസാനം ആതിഥേയര്‍ ഇന്ത്യ. സ്റ്റേഡിയത്തിലാകെ ആവേശത്തിമിര്‍പ്പ്‌. ടീമിന്റെ ഏറ്റവും മുമ്പില്‍ ത്രിവര്‍ണ പതാക അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ച്‌ ഒരു മലയാളിപ്പെണ്‍കുട്ടി. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കോട്ടയം മൗണ്ട്‌കാര്‍മല്‍ സ്‌കൂളിലെ ബാസ്‌കറ്റ്‌ ബോള്‍ കോര്‍ട്ടിന്റെ സമീപത്ത്‌ കൗതുകത്തോടെ നിന്ന ആ പഴയ കുട്ടി. ഗീതു അന്ന ജോസ്‌.

ആരാണ്‌ ഇന്നു ഗീതു? ഇന്ത്യന്‍ ബാസ്‌കറ്റ്‌ ബോളിനു പെണ്‍കരുത്തു നല്‌കിയ അതുല്യ താരം. കണ്ണുചിമ്മുന്ന വേഗത്തില്‍ പാസുകള്‍ നല്‌കിയും വശ്യമായ സൗന്ദര്യത്തോടെ ബാസ്‌കറ്റുകള്‍ നിറച്ചും എതിര്‍ടീമുകള്‍ക്കു പേടിസ്വപ്‌നമായി മാറുന്ന പെണ്‍കുട്ടി. കളിച്ച മിക്ക മത്സരങ്ങളിലും ടോപ്‌ സ്‌കോറര്‍. ടീം ഇന്ത്യയുടെ ക്യാപ്‌റ്റന്‍. സതേണ്‍ റെയില്‍വേ ബാസ്‌കറ്റ്‌ബോള്‍ ടീമിന്റെ വജ്രായുധം. അതൊക്കെയായിത്തീര്‍ന്നിരിക്കുന്നു ആ നാണം കുണുങ്ങി. നാട്ടിന്‍പുറത്തിന്റെ നന്മ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്ന, അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടി. കളിക്കാനിറങ്ങുമ്പോള്‍ പഴയനിയമത്തിലെ 20-ാം സങ്കീര്‍ത്തനവും മത്സരശേഷം 21-ാം സങ്കീര്‍ത്തനവും വായിക്കുന്ന താരം. ഫെഡറേഷന്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ (ഫിബ) ഇപ്പോഴത്തെ റാങ്കിംഗില്‍ ഏഷ്യയിലെ നമ്പര്‍ വണ്‍. ഇത്രയും ഉയരത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരി.
ചെന്നൈയിലെ സതേണ്‍റെയില്‍വേയുടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഗീതു വിയറ്റ്‌നാമില്‍ ഒരു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തതിനു ശേഷം രണ്ടുദിവസത്തെ അവധിയില്‍ ചങ്ങനാശേരിക്കടുത്ത തുരുത്തിയിലെ വീട്ടിലെത്തിയപ്പോഴാണ്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ അവസരമൊരുങ്ങിയത്‌. ഗീതുവിനൊപ്പം അല്‌പസമയം.

സ്‌കൂള്‍ പഠനകാലത്ത്‌ ഗീതു അത്‌ലറ്റിക്‌സിലാണു തിളങ്ങിയിരുന്നത്‌ എന്നു കേട്ടല്ലോ?
ശരിയാണ്‌. സ്‌കൂള്‍പഠനകാലത്ത്‌ അത്‌ലറ്റിക്‌സ്‌ മത്സരങ്ങളില്‍ ജില്ലാതലത്തില്‍ വ്യക്തിഗത ചാമ്പ്യനായിട്ടുണ്ട്‌. ഹൈജംപ്‌, ലോംഗ്‌ ജംപ്‌, ഹര്‍ഡില്‍സ്‌ എന്നിവയിലായിരുന്നു ഞാന്‍ മത്സരിച്ചിരുന്നത്‌.

എന്റെ ഫേവറിറ്റ്‌ ഇനം ഹൈജംപ്‌ ആയിരുന്നു. ഒരിക്കല്‍ സംസ്ഥാന കായികമേള നടന്നത്‌ കോട്ടയത്ത്‌ ആയിരുന്നു. അന്നു മത്സരിക്കാന്‍ പറ്റാതെ പോയത്‌ ഒരിക്കലും എനിക്കു മറക്കാനാവില്ല. എന്റെ മത്സരം ഞായറാഴ്‌ചയായിരുന്നു. കായികമേള നടക്കുന്നത്‌ ഇവിടെ കോട്ടയത്ത്‌ ആയിരുന്നതിനാല്‍ ഞാന്‍ ശനിയാഴ്‌ച വൈകിട്ട്‌ വീട്ടില്‍ പോയി. പിറ്റേന്നു പള്ളിയില്‍ പോയതിനു ശേഷമാണു മത്സരം നടക്കുന്നിടത്ത്‌ എത്തിയത്‌. അപ്പോള്‍ എന്നെ എതിരേറ്റത്‌ മത്സരം കഴിഞ്ഞെന്ന വാര്‍ത്തയായിരുന്നു. ഞാനാകെ തകര്‍ന്നുപോയി. മത്സരത്തിന്റെ സമയം മാറ്റിയത്‌ അധ്യാപകര്‍ എന്നെ അറിയിച്ചില്ല. എനിക്കു സമ്മാനം നേടാന്‍ കഴിയുമെന്ന്‌ ഉറച്ച വിശ്വാസമുണ്ടായിരുന്ന ഇനമായിരുന്നു അത്‌. അത്തവണ ഹൈജംപില്‍ ഒന്നാമതെത്തിയ കുട്ടി ഞാന്‍ ജംപ്‌ ചെയ്യുന്ന ഉയരത്തിനടുത്തു പോലുമെത്തിയില്ല എന്നത്‌ എന്റെ കരച്ചിലിന്റെ ശക്തികൂട്ടി. കരഞ്ഞുകൊണ്ടാണ്‌ പിന്നെ ഹര്‍ഡില്‍സില്‍ പങ്കെടുത്തത്‌. അങ്ങനെ അതിലും പിന്നിലായി. അന്ന്‌ ഒത്തിരി ദുഃഖം തോന്നിയിരുന്നു. എനിക്കു കോച്ചിംഗ്‌ പോലുമില്ലായിരുന്നു അക്കാലത്ത്‌.

ബാസ്‌കറ്റ്‌ ബോളിലേക്കു വരാനുണ്ടായ സാഹചര്യം...?
തികച്ചും യാദൃച്ഛികമായാണു ബാസ്‌കറ്റ്‌ബോളിലെത്തിയത്‌. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്‌. അതുവരെ എന്റെ ശ്രദ്ധ അത്‌ലറ്റിക്‌സിലായിരുന്നു എന്നു പറഞ്ഞല്ലോ. വോളിബോള്‍ ഇഷ്ടമായിരുന്നു. കളിക്കാറുമുണ്ടായിരുന്നു. എന്നാല്‍, പരിശീലനസൗകര്യം ഇല്ലാത്തതിനാല്‍ അതു പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. ബാഡ്‌മിന്റണ്‍ കളിക്കാനും സമയം കണ്ടെത്തിയിരുന്നു. പക്ഷേ അതൊന്നും തുടരാനാ യില്ല. അങ്ങനെയിരിക്കേയാണ്‌ എന്റെ ഉയരം കണ്ട്‌ സ്‌കൂളിലെ പ്രിന്‍സിപ്പലും അധ്യാപകരും എന്നെ ബാസ്‌കറ്റ്‌ബോള്‍ കളിക്കാന്‍ ക്ഷണിച്ചത്‌. അങ്ങനെയാണ്‌ തുടക്കം.
ബാസ്‌കറ്റ്‌ ബോള്‍ കോര്‍ട്ടിലെ ആദ്യദിനം സംഭവബഹുലമായി രുന്നു എന്നു കേട്ടല്ലോ?
ശരിയാണ്‌. ആ ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല. സ്‌കൂള്‍ സ്‌പോര്‍ട്‌സ്‌ സീസണായിരുന്നു അത്‌. കോര്‍ട്ടില്‍ തകൃതിയായി കോച്ചിംഗ്‌ നടക്കുകയാണ്‌. ആദ്യമായതിനാല്‍ ഞാന്‍ അല്‌പം ടെന്‍ഷനോടെയാണ്‌ അവിടെയെത്തിയത്‌. മറ്റു കുട്ടികള്‍ കോര്‍ട്ടിനു ചുറ്റും ഓടാന്‍ തയാറെടുക്കുകയാ യിരുന്നു. അപ്പോഴവിടെയെത്തിയ എന്നെക്കണ്ടപ്പോള്‍ കായികാധ്യാപകന്‍, പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന കുട്ടികളുടെ കൂടെ ഓടാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഓടി. ഒന്നോ രണ്ടോ റൗണ്ട്‌ മാത്രമായിരിക്കും ഓടേണ്ടിവരിക എന്ന കണക്കുകൂട്ടലായിരുന്നു മനസില്‍. രണ്ടു മൂന്നു റൗണ്ട്‌ കഴിഞ്ഞു... തീരുന്ന മട്ടില്ല... അഞ്ച്‌... പത്ത്‌..... ഓട്ടം തീരുന്നില്ല. ഒടുവില്‍ നിറുത്തിയത്‌ 25-ാം റൗണ്ട്‌ പൂര്‍ത്തിയായപ്പോള്‍. ഓടി നിന്നതും ഞാന്‍ വീണു പോയി. പിന്നെ അവിടെയുള്ളവര്‍ കണ്ടത്‌ എന്റെ കരച്ചിലായിരുന്നു. ഞാനാകെ തളര്‍ന്നിരുന്നു. ഇങ്ങനെയാണ്‌ ബാസ്‌കറ്റ്‌ബോളെങ്കില്‍ ഞാനില്ലെന്നു തീരുമാനിച്ചു. പക്ഷേ കൂട്ടുകാരും അധ്യാപകരും പ്രോത്സാഹിപ്പിച്ചു. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ പിറ്റേന്നുമുതല്‍ വീണ്ടും കോര്‍ട്ടിലെത്തി. ഉയരമാണ്‌ എന്റെ വലിയ അഡ്വാന്റേജ്‌ എന്ന്‌ എല്ലാവരും പറഞ്ഞിട്ടുണ്ട്‌. ക്രമേണ സ്‌കൂള്‍ ടീമിലേക്കു സെലക്‌ഷന്‍ ലഭിച്ചു. 2002-ല്‍ സ്റ്റേറ്റ്‌ ജൂനിയര്‍ ടീമിലും 2003-ല്‍ സീനിയര്‍ ടീമിലുമെത്തി. 2004-ല്‍ ആണ്‌ ദേശീയ ടീമിലെത്തുന്നത്‌. ഈ വര്‍ഷം ക്യാപ്‌റ്റനായി. റെയില്‍വേയ്‌ക്കുവേണ്ടിയാണ്‌ ഇപ്പോള്‍ കളിക്കുന്നത്‌.

ഇന്ത്യയുടെ വനിതാ ബാസ്‌കറ്റ്‌ബോള്‍ ടീം നായികയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്തുതോന്നി?
പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമായിരുന്നു. ഇന്ത്യയ്‌ക്കുവേണ്ടി കളിക്കുക എന്നതുതന്നെ വലിയ കാര്യമാണല്ലോ. ടീമിന്റെ ജേഴ്‌സിയണിയുമ്പോള്‍ ഒരു വല്ലാത്ത ആവേശമാണ്‌. 2004-ലാണ്‌ ദേശീയ ടീമില്‍ കളിക്കാന്‍ തുടങ്ങിയത്‌. എന്നെങ്കിലുമൊരിക്കല്‍ ടീമിനെ} നയിക്കാനുള്ള അവസരമൊരുങ്ങുമെന്ന തോന്നലുണ്ടാ യിരുന്നു. ടീമിന്റെ ക്യാപ്‌റ്റനായെങ്കിലും ഞാനൊരിക്കല്‍ പോലും കൂടെ കളിക്കുന്നവരുടെമേല്‍ ഒന്നും അടിച്ചേല്‌പി ക്കാറില്ല. അഞ്ചുപേരാണു ടീമില്‍ കളിക്കുന്നത്‌. സ്വതന്ത്രമായി കളിക്കുമ്പോള്‍ മാത്രമേ ഓരോരുത്തര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കൂ എന്നാണ്‌ എന്റെ വിശ്വാസം. കോര്‍ട്ടിലെ സമ്മര്‍ദം ഞാന്‍ കൂടെക്കളിക്കുന്നവരെ അറിയിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കും. ഒരിക്കലും ക്യാപ്‌റ്റന്റെ അധികാരമുപയോഗിച്ച്‌ അവരെ നിയന്ത്രിക്കാന്‍ ശ്രമിക്കാറില്ല. തന്നെയുമല്ല, എന്നെക്കാള്‍ സീനിയറായ പലരും ടീമിലുണ്ട്‌. അവരുടെ അനുഭവ സമ്പത്തുമായി തട്ടിച്ചു നോക്കുമ്പോള്‍ ഞാന്‍ നിസാരയാണ്‌. എന്നില്‍ വിശ്വാസമുള്ളതുകൊണ്ടാണ്‌ എന്നെ ക്യാപ്‌റ്റനായി തെരഞ്ഞെടുത്തത്‌. എല്ലാവരുടെയും പ്രതീക്ഷയ്‌ക്കൊത്ത നിലയില്‍ കളിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്‌.

വിമര്‍ശനങ്ങളോട്‌ എങ്ങനെ പ്രതികരിക്കുന്നു?
വിമര്‍ശനങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്‌. പോസിറ്റീവ്‌ ആയവയെ ഉള്‍ക്കൊള്ളും. അല്ലാത്തവയെ ശ്രദ്ധിക്കാറില്ല. ക്യാപ്‌റ്റനായതുകൊണ്ട്‌ ടീമിന്റെ ഉത്തരവാദിത്വം എനിക്കാണ്‌. ടീമെന്ന നിലയില്‍ ഏറ്റവുമധികം വിമര്‍ശനങ്ങളുണ്ടായത്‌ ഏഷ്യന്‍ വനിതാ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലാണ്‌. അവസാന മത്സരത്തിലൊഴികെ എല്ലാ കളികളിലും ഇന്ത്യ തോറ്റു. ചില മാധ്യമങ്ങളില്‍ ഞങ്ങള്‍ക്കുനേരേ രൂക്ഷമായ വിമര്‍ശനങ്ങളുമായി. ടോപ്‌ സ്‌കോററായതുകൊണ്ടു മാത്രം എന്നെ ഒഴിവാക്കിയായിരുന്നു വാചകക്കസര്‍ത്ത്‌. എന്നാല്‍, എന്തുകൊണ്ടാണ്‌ ഇന്ത്യ തോല്‌വികളേറ്റുവാങ്ങിയത്‌ എന്നാരും ചിന്തിച്ചില്ല. മത്സരം തുടങ്ങുന്നതിന്‌ ആഴ്‌ചകള്‍ക്കുമുമ്പു മാത്രമാണു നമ്മള്‍ കോച്ചിംഗ്‌ ക്യാമ്പ്‌ ആരംഭിക്കുന്നത്‌. ശക്തരായ എതിരാളികളുമായാണ്‌ കളിക്കുന്നത്‌ എന്നോര്‍ക്കണം. ചില കാര്യങ്ങള്‍ പറയണമെന്നുണ്ട്‌. അവ പലതും വിവാദമുണ്ടാക്കുമല്ലോ എന്നു കരുതി പറയാത്തതാണ്‌. ടീമെന്ന നിലയില്‍ നാം ഇനിയും വളരെയധികം മുന്നോട്ടു പോകാനുണ്ട്‌.

എത്രകാലം ഈ ഫീല്‍ഡില്‍ തുടരണമെന്നാണ്‌ ആഗ്രഹം?
കഴിവുള്ളവരെ എന്നും ലോകം അംഗീകരിക്കും എന്ന കാഴ്‌ചപ്പാടാണ്‌ എനിക്കു ള്ളത്‌. പലരുമായും എന്നെ ഉപമിച്ച്‌ ഇപ്പോള്‍ ധാരാളം വാര്‍ത്തകള്‍ വരുന്നുണ്ട്‌. ഞാനതൊന്നും ശ്രദ്ധിക്കാറില്ല. ഞാന്‍ ഗീതുമാത്രമാണ്‌. കളിയില്‍ മാത്രമാണ്‌ എന്റെ ശ്രദ്ധ. മറ്റൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. എനിക്ക്‌ എന്റേതായി കളിക്കാന്‍ പറ്റുന്നകാലത്തോളം കളിക്കളത്തില്‍ തുടരണമെന്നാണ്‌ ആഗ്രഹം.

വിദേശക്ലബ്ബിലെ അനുഭവങ്ങള്‍?
ഓസ്‌ട്രേലിയന്‍ ക്ലബ്ബായ റിംഗ്‌വുഡിലാണു ഞാന്‍ കളിച്ചത്‌. ഞാന്‍ ഇന്ന്‌ ബാസ്‌കറ്റ്‌ ബോളില്‍ ആരെങ്കിലുമായെങ്കില്‍ അതിനു മുഖ്യ കാരണം റിംഗ്‌വുഡിലെ പരിശീലനമാണ്‌. വളരെ സിസ്റ്റമാറ്റിക്കായാണ്‌ അവിടെ പരിശീലനം നടക്കുന്നത്‌. അവിടെ കളിച്ച പരിചയം എന്നെ ഇക്കഴിഞ്ഞ ഏഷ്യന്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ഒത്തിരിയൊത്തിരി സഹായിച്ചു. കളിച്ച എല്ലാ കളികളിലും ടോപ്‌സ്‌കോററാകാനും കഴിഞ്ഞു. ഓസ്‌ട്രേലിയക്കാര്‍ ബാസ്‌കറ്റ്‌ ബോളിനെ വളരെ സീരിയസായിട്ടാണു കാണുന്നത്‌. അവരുടെ കള്‍ച്ചറും ഭാഷയും വ്യത്യസ്‌തമാണെങ്കിലും ബാസ്‌കറ്റ്‌ ബോളിന്റെ ഭാഷ എല്ലായിടത്തും ഒന്നാണല്ലോ.

മറ്റേതെങ്കിലും ക്ലബുകളില്‍നിന്ന്‌ ഓഫറുകള്‍ വന്നിട്ടുണ്ടോ?
ജോര്‍ദാനിലെ ഒരു പ്രമുഖ ക്ലബില്‍ നിന്നും അമേരിക്കയിലെ ചില ക്ലബുകളില്‍ നിന്നും ഓഫറുകള്‍ വന്നിട്ടുണ്ട്‌. ഇപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ല. കരിയറിന്റെ വളര്‍ച്ചയ്‌ക്കു സഹായിക്കുന്ന ഓഫറുകള്‍ മാത്രമേ സ്വീകരിക്കു. പിന്നെ ദൈവം തീരുമാനിക്കട്ടെ.
വലിയ ദൈവ വിശ്വാസിയാണല്ലേ?
വളരെ ശരിയാണ്‌. പ്രാര്‍ഥിച്ചതിനു ശേഷമേ മത്സരിക്കാനിറ ങ്ങാറുള്ളു. വാം അപ്പിനുശേഷം ദൈവമേയെന്ന്‌ ഉള്ളില്‍ വിചാരിച്ചുകൊണ്ടാണ്‌ കളിയാരംഭിക്കുക. എല്ലാത്തിനും പിന്നില്‍ ദൈവമെന്ന ശക്തിയുടെ ഇടപെടല്‍ ഉണ്ടെന്നാണ്‌ എന്റെ വിശ്വാസം. കളിയാരംഭിക്കുന്നതിനു മുമ്പും പിമ്പും സങ്കീര്‍ത്തനങ്ങള്‍ വായിക്കുന്നത്‌ എന്റെ ശീലമാണ്‌. എന്റെ വീട്ടുകാരോട്‌ ഒത്തിരിയടുപ്പമുള്ള ഒരു ഈപ്പച്ചനച്ചനാണ്‌ എന്നെ ഈ വായിക്കുന്ന ശീലത്തിലേക്കു നയിച്ചത്‌.
എന്നാണു കളിക്കളത്തില്‍ ഏറ്റവും നൈരാശ്യം തോന്നിയത്‌?
ജയിക്കാമായിരുന്നിട്ടും കൈവിട്ട ഒരു കളിയാണ്‌ എന്നെ ഇന്നും സങ്കടപ്പെടുത്തുന്നത്‌. ഏഷ്യന്‍ വനിതാ ബാസ്‌കറ്റ്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ്‌ തായ്‌പേയിയുമായി കളിച്ച ഒരു മത്സരമാണത്‌. ഒരു ശരാശരി ടീമായിരുന്നു അവരുടേത്‌. നമുക്ക്‌ അവരെ ഈസിയായി തോല്‌പിക്കാമായി രുന്നു. പക്ഷേ അന്ന്‌ നമ്മള്‍ തോറ്റു. ജയിച്ചിരൂന്നെങ്കില്‍ ടൂര്‍ണമെന്റില്‍ സെമിയെങ്കിലും പ്രതീക്ഷിക്കാമായിരുന്നു. 22 പോയിന്റിനാണ്‌ തോറ്റത്‌. 32 പോയിന്റായിരുന്നു എന്റെ സമ്പാദ്യം. കൂടെക്കളിച്ച ആരും സാധാരണ കളിക്കുന്ന രീതിയില്‍പ്പോലും കളിച്ചില്ല. അങ്ങനെ അന്ന്‌ തോറ്റു. അന്നാദ്യമായി, ഒരു മത്സരം തോറ്റസങ്കടത്തില്‍ ഞാന്‍ കരഞ്ഞു.

എഴുത്ത്‌്‌... വായന... എന്തെങ്കിലും?
വായിക്കാന്‍ എന്തുകിട്ടിയാലും വായിക്കും. മുടങ്ങാതെ ഡയറി എഴുതും. അത്‌ ആരെയും കാണിച്ചിട്ടില്ല. സന്തോഷവും ദേഷ്യവും സങ്കടവുമെല്ലാം കുത്തിക്കുറിക്കുന്നത്‌ അവിടെയാണ്‌. പാട്ടു കേള്‍ക്കുന്നത്‌ ഇഷ്ടമാണ്‌.

സ്വന്തം ഉയരത്തെപ്പറ്റി എന്തുതോന്നുന്നു?
ആദ്യമൊക്കെ ഉയരം ഒട്ടും ഇഷ്ടമില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ എന്റെ അഡ്വാന്റേജ്‌ ഈ ആറടി രണ്ടിഞ്ച്‌ ഉയരമാണ്‌. ബസില്‍ കയറുമ്പോള്‍ കുനിഞ്ഞു നില്‌ക്കണം. ട്രെയിന്‍ ബെര്‍ത്തില്‍ കിടക്കുമ്പോള്‍ കാലുകള്‍ പുറത്താണ്‌. തിയേറ്ററില്‍ സിനിമകാണാന്‍ ഇരിക്കുമ്പോള്‍ പുറകിലുള്ളവര്‍ തോണ്ടിയിട്ടു പറയും, ലേശം താഴ്‌ന്നിരിക്കാന്‍. ഇതൊക്കെ ആദ്യകാലത്ത്‌ എന്നെ വിഷമിപ്പിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ അതൊന്നും ആലോചിക്കാറില്ല.

പുതിയ തലമുറയിലെ കളിക്കാരോട്‌ എന്താണു പറയാനുള്ളത്‌?
എന്നെ സംബന്ധിച്ചിടത്തോളം ചെറുപ്പത്തില്‍ എന്തായിത്തീരണമെന്ന ലക്ഷ്യമില്ലായിരുന്നു. സാഹചര്യങ്ങള്‍ നേരെയായപ്പോഴാണു ഞാന്‍ ഇവിടെയെത്തിയത്‌. ഒരു സ്വപ്‌നമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. കൃത്യമായി പരിശീലനം നടത്തുക. വിജയം നിങ്ങളുടേതായിരിക്കും. പിന്നെ എനിക്ക്‌ ഒരു ആഗ്രഹമുണ്ട്‌. ഒരു അക്കാദമി പോലെ എന്തെങ്കിലുമൊന്നു തുടങ്ങണം. ചെറുപ്പം മുതല്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കണം. ഇന്ത്യയുടെ ഭാവി വാഗ്‌ദാനങ്ങളെ കണ്ടെത്തണം...ഇതൊക്കെ എന്റെ സ്വപ്‌നങ്ങളാണ്‌.
പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ വിഷമമില്ലേ?
തീര്‍ച്ചയായും വിഷമമുണ്ട്‌. ഞാന്‍ ചങ്ങനാശേരി അസംപ്‌ഷനില്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായിരി ക്കേയാണു റെയില്‍വേ ടീമിലേക്കു പോകുന്നത്‌. പിന്നെ കോഴ്‌സ്‌ കംപ്ലീറ്റ്‌ ചെയ്യാന്‍ സാധിച്ചില്ല. ചെന്നൈയില്‍ ചെന്നിട്ട്‌ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്‌ത്‌ ഡിഗ്രിയെടുക്കാന്‍ ഒരു ശ്രമം നടത്തി. പക്ഷേ കളിത്തിരക്കുകള്‍ക്കിടയില്‍ അതിനും കഴിഞ്ഞില്ല. പഠനം മുഴുമിപ്പിക്കാനുള്ള ആഗ്രഹം ഇപ്പോഴുമുണ്ട്‌. അത്‌ ഇനി എന്നു നടക്കുമെന്നറിയില്ല.

വിവാഹം?
എന്നെക്കാള്‍ ഹൈറ്റ്‌ ഉള്ള ഒരാളെയാണ്‌ എനിക്കു ജീവിതത്തില്‍ കൂടെക്കൂട്ടാന്‍ അഗ്രഹം. എന്നെ മനസിലാക്കുന്നയാളുമായിരിക്കണം. അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ.


ഗീതുവിന്റെ പപ്പ മരിച്ചിട്ട്‌ രണ്ടു വര്‍ഷം കഴിഞ്ഞു. വീട്ടില്‍ ഇപ്പോള്‍ അമ്മയും വല്യമ്മയും രണ്ടു സഹോദരങ്ങളുമാണുള്ളത്‌. ചേച്ചി നേഴ്‌സാണ്‌. ഗീതുവിന്റെ പാതയില്‍ നടക്കുന്ന അനിയന്‍ എംജി യൂണിവേഴ്‌സിറ്റി ബാസ്‌കറ്റ്‌ ബോള്‍ ടീമിന്റെ ക്യാപ്‌റ്റന്‍. തുരുത്തിയിലെ കൊച്ചുവീട്ടില്‍ ഗീതു അവധി കിട്ടുമ്പോഴൊക്കെ ഓടിയെത്താറുണ്ട്‌- ചിണുങ്ങിക്കൊണ്ട്‌ വല്യമ്മച്ചിയുടെ മടിയില്‍തലവച്ചു കിടന്ന്‌ കുഞ്ഞുവര്‍ത്തമാനം പറയാന്‍.... അമ്മയുണ്ടാക്കുന്ന സ്‌പെഷല്‍ പുട്ടും കടലയും കഴിക്കാന്‍... ചേച്ചിയോട്‌ കിന്നാരം പറയാന്‍.... അനിയനെ കോര്‍ട്ടിലെ കഥകള്‍ പറഞ്ഞുകേള്‍പ്പിക്കാന്‍... നാട്ടുകാരുടെ സ്‌നേഹം നിറഞ്ഞ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുവാന്‍... ചുമ്മാതെ കിടന്നുറങ്ങാന്‍.... ഇത്രയൊക്കെ ഉയരത്തിലെത്തിയെങ്കിലും ഗീതുവിനെ ഇതുവരെ കേരളസര്‍ക്കാര്‍ കണ്ട ഭാവമില്ല. ഒരുസഹായവും നല്‌കിയിട്ടുമില്ല. അതില്‍ അതില്‍ ഗീതുവിനു പരിഭവമില്ല. നല്‌കാനുള്ളവന്‍ മുകളിലുള്ളപ്പോള്‍ ആരോടു പരാതിപ്പെടണം?

Tuesday, October 20, 2009

വിശപ്പില്ലാത്ത ലോകത്തിനായി...




ഒക്‌ടോബര്‍ 16- ലോക ഭക്ഷ്യ ദിനം ഒക്‌ടോബര്‍ 17- അന്താരാഷ്‌ട്ര പട്ടിണി നിവാരണ ദിനം

കൂട്ടുകാര്‍ക്കറിയാമോ ലോകത്ത്‌ എത്രപേര്‍ പട്ടിണി കിടക്കുന്നുണ്ടെന്ന്‌. നൂറുകോടിയിലേറെ ആളുകള്‍ ഭക്ഷണമില്ലാതെ വലയുന്നുണ്ടെന്നാണ്‌ കണക്ക്‌. മനുഷ്യചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്രയും ജനങ്ങള്‍ പട്ടിണിക്കാരാ കുന്നത്‌. 2008ലെ കണക്കുകള്‍ പ്രകാരം ലോകത്ത്‌ 6,706,993,152 ജനങ്ങളുണ്ട്‌. അതായത്‌ ഓരോ ആറു പേരിലും ഒരാള്‍ പട്ടിണിക്കാരനാണ്‌.

വിശപ്പ്‌ വാഴുന്നിടത്ത്‌ സമാധാനം നിലനില്‍ക്കുകയില്ല. വിശക്കുന്നവനു മുമ്പില്‍ യുക്തിയും മതവും പ്രാര്‍ഥനയും ഒട്ടും വിലപ്പോകുകയുമില്ല എന്ന്‌ പ്രശസ്‌ത റോമന്‍ ചിന്തകന്‍ സെനേക്ക പറഞ്ഞിട്ടുണ്ട്‌. മനുഷ്യന്‌ വെള്ളവും വായുവും പോലെതന്നെ പ്രാഥമികാവശ്യങ്ങളിലൊന്നാണ്‌ ഭക്ഷണവും.

ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റവും അവയുടെ ദൗര്‍ലഭ്യവുമാണ്‌ ദാരിദ്ര്യത്തിനും പട്ടിണിക്കും കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. പട്ടിണി നിര്‍മാര്‍ജനവും ഭക്ഷ്യ സുരക്ഷയും തന്നെയാണ്‌ മറ്റെന്ത്‌ വികസന ലക്ഷ്യ ങ്ങളെക്കാളും എല്ലാക്കാലത്തെയും മനുഷ്യന്റെ ്വപ്‌ന. ഭക്ഷ്യ സുരക്ഷയ്‌ക്കും കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനുമായി ദശകോടികളാണ്‌ ഓരോവര്‍ഷവും ചെലവഴിക്കുന്നത്‌. ഇവ ഉദ്ദേശിച്ച രീതിയില്‍ ഫലം കാണുന്നില്ലെന്നതിന്റെ തെളിവാണ്‌ ലോകത്ത്‌ ഇപ്പോഴും നടക്കുന്ന പട്ടിണി മരണങ്ങള്‍. സമീപ വര്‍ഷങ്ങളില്‍ ഒറീസ, ആന്ധ്രാപ്രദേശ്‌, കര്‍ണാടക, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പട്ടിണി മരണങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്‌. വര്‍ഷമാകട്ടെ രാജ്യം കടുത്ത വരള്‍ച്ചയിലൂടെയും വെള്ളപൊക്കത്തിലൂടെയും കടന്നു പോയ്‌കൊണ്ടിരിക്കുകയുമാണ്‌.
ഒരു നേരത്തെ ആഹാരത്തിനുവേണ്ടി വിശക്കുന്ന കോടിക്കണക്കിനാളുകളിലേക്ക്‌ ലോകമനഃസാക്ഷിയുടെ ശ്രദ്ധ ക്ഷണിക്കുക എന്നതാണ്‌ ഭക്ഷ്യദിനാചരണം കൊണ്ട്‌ അര്‍ഥമാ ക്കുന്നത്‌.


എഫ്‌എഒ
യുഎന്‍ ക്ഷ്യ -കൃഷി സംഘടന ഫുഡ്‌ ന്‍ഡ്‌ ഗ്രിക്കള്‍ച്ച റല്‍ ഓര്‍ഗനൈ സേഷന്‍ (എഫ്‌എഒ) സ്ഥാപിതമായത്‌ 1945 ഒക്‌ ടോബര്‍ 16 നാണ്‌. ഇതിന്റെ ഓര്‍മയാക്കായിട്ടാണ്‌ എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 16 ലോക ഭക്ഷ്യദിനമായി ആചരിക്കുന്നത്‌. 1979 മുതലാണ്‌ ആചരണം തുടങ്ങിയത്‌. വര്‍ഷം നവംബറില്‍ ചേര്‍ന്ന എഫ്‌എഒയുടെ ഇരു പതാമത്തെ ജനറല്‍ കോണ്‍ഫറന്‍സില്‍വച്ചാണ്‌ ഒക്‌ടോബര്‍ 16 അന്താരാഷ്‌ട്ര ഭക്ഷ്യദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്‌. ഹംഗറിയുടെ ഭക്ഷ്യ മന്ത്രിയായിരുന്ന ഡോ. പാല്‍ റോമാനിയാണ്‌ കോണ്‍ഫറന്‍സില്‍ ആശയം ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചത്‌. വമ്പിച്ച്‌ പിന്തുണയോടെ യുഎന്‍ അത്‌ അംഗീകരിച്ചു. ലോകത്താകമാനം 150 രാജ്യങ്ങളിലെങ്കിലും ഒക്‌ടോബര്‍ 16 ഭക്ഷ്യദിനമായി ആചരിക്കുന്നു.
1981 മുതല്‍ ഓരോ വര്‍ഷവും ഭക്ഷ്യദിനം ആചരിക്കുമ്പോള്‍ ഒരു ആശയം അതോടൊപ്പം പ്രചരിപ്പിക്കാനും യുഎന്‍ തീരുമാനിച്ചു. ത്‌ ഒരു സന്ദേശമായി സമൂഹത്തിന്‌ പകര്‍ന്നു നല്‍കുക എന്നതായിരുന്നു ലക്ഷ്യം. വര്‍ഷം ഭക്ഷ്യദിനാചരണത്തിന്റെ സന്ദേശം ക്ഷ്യ സുരക്ഷയാണ്‌(ളീീറ ലെരൗൃശ്യേ). ഓരോ രാജ്യങ്ങളിലും വളരെ വിപുലമായ രീതിയിലാണ്‌ ദിനത്തില്‍ പരിപാടികള്‍ നടക്കുന്നത്‌. യൂറോപ്‌, ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക മുതലായ ഭൂഖണ്‌ഡങ്ങളിലെ രാജ്യങ്ങളാണ്‌ ദിനം പ്രാധാന്യത്തോടെ ആചരിക്കുന്നത്‌.

ഭക്ഷ്യ ഉച്ചകോടി

വര്‍ഷം നവംബ ര്‍ 16 മുതല്‍ 18 വരെ റോമില്‍ ലോക ഭക്ഷ്യ ഉച്ച കോടി നടക്കുകയാണ്‌. അന്താരാഷ്‌ട്ര തലത്തില്‍ വളരുന്ന ദാരി ദ്ര്യവും പട്ടിണി യും പ്രതിരോധിക്കുക, എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തുക, കൃഷിയെ പ്രോത്‌സാഹിപ്പിക്കുക എന്നീ ക്ഷ്യങ്ങ ളോടെയാണ്‌ റോമില്‍ ഭക്ഷ്യ ഉച്ച കോടി നടക്കുന്നത്‌. വികസ്വര രാഷ്‌ട്രങ്ങളില്‍ ഉണ്ടായിട്ടുള്ള ഭക്ഷണ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റമാണ്‌ പട്ടിണിക്കാരുടെ എണ്ണം ഭീമമായി ഉയരാനിടയാക്കിയതെന്ന്‌ കരുതപ്പെടുന്നു. ഓരോ വര്‍ഷവും ഇത്‌ കൂടിവരികയാണ്‌. ആഗോള സാമ്പത്തികപ്രതിസന്ധി ഇതി നൊരു സുപ്രധാന കാരണമായി വിലയി രുത്ത പ്പെടുന്നു.
എഫ്‌എഒയുടെ ഇപ്പോഴത്തെ ഡയറക്‌ട ര്‍ജനറല്‍ ജാക്വിസ്‌ ഡിയോഫാണ്‌ 2009 ലെ ഭക്ഷ്യദിനാചരണത്തിന്റെ ലക്ഷ്യം ക്ഷ്യ സുരക്ഷ ആവണം എന്ന്‌ നിര്‍കര്‍ഷിച്ചത്‌. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക- ``ലോകത്തില്‍ ആറു പേരിലൊരാള്‍ പട്ടിണിക്കാ രനാണ്‌. ഇത്‌ ലോക സമാധാനത്തിനും സുരക്ഷയ്‌ക്കും ഒരുവെല്ലുവിളിയാണ്‌. ആതിനാല്‍ പട്ടിണി നിര്‍മാര്‍ജനം ചെയ്യാന്‍ എല്ലാവരും ഒന്നിച്ച്‌ മുന്നിട്ടിറങ്ങണം.''

ഭക്ഷ്യ പ്രതിസന്ധി ഇന്ത്യയില്‍

ഇന്ത്യയില്‍ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാകാനുള്ള ഒരു പ്രധാന കാരണം വിലക്കയറ്റമാണ്‌. രാജ്യത്തുണ്ടായ പണപ്പെരുപ്പവും പട്ടിണിക്ക്‌ കാരണമായെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം. അനിയന്ത്രിതമായ ജനസംഖ്യാവര്‍ധനവും ഒരു പ്രധാന കാരണമായി ചൂണ്ടി ക്കാണിക്കപ്പെടുന്നു.
ശരാശരി നാല്‌ ഇന്ത്യക്കാരിലൊരാള്‍ ഒരു ദിവസം തള്ളി നീക്കുന്നത്‌ 30ല്‍ താഴെ രൂപ ചെലവഴിച്ചാണെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. നമ്മുടെ രാജ്യത്ത്‌ മാത്രമല്ല അന്താരാഷ്‌ട്രതലത്തിലും നിരവധി ജനങ്ങള്‍ നിത്യവൃത്തി കഴിക്കുന്നത്‌ ചുരുങ്ങിയ വരുമാനം കൊണ്ടാണ്‌.
ഇന്ത്യ ദരിദ്രരുടെയും പട്ടിണി പ്പാവങ്ങളു ടെയും കണക്കില്‍ മുമ്പന്തിയില്‍ തന്നെയുണ്ട്‌. രാജ്യ പുരോഗതി നഗരകേന്ദ്രീകൃതമായി പോകുന്നതാണ്‌ ഒരു പ്രധാന കാരണം. കാര്‍ഷിക മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന തളര്‍ച്ചയും വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്‌മയുമാണ്‌ ദാരിദ്ര്യത്തിന്റെ പ്രധാന കാരണം. ഇവ പരിഹരിക്കാനുള്ള നടപടികളാകട്ടെ വേണ്ടവിധത്തില്‍ ഫലം കാണുന്നുമില്ല. സമ്പന്നന്‍ വീണ്ടും സമ്പന്നനാകുന്നു. ദരിദ്രന്‍ വീണ്ടും ദരി ദ്രനായിക്കൊണ്ടിരിക്കുന്നു.

പട്ടിണി നിവാരണ ദിനം

ലോകത്തുനിന്ന്‌ പട്ടിണിയെ അപ്രത്യക്ഷമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഐക്യരാഷ്ട്രസംഘടനയുടെ ജനറല്‍ അസംബ്ലി 1993 മുതല്‍ ഒക്ടോബര്‍ 17 പട്ടിണി നിവാരണ ദിനമായി ആചരിച്ചു വരിച്ചുവരുന്നത്‌. വികസ്വര, അവികസിത രാഷ്ട്രങ്ങളെയാണ്‌ പട്ടിണി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്‌. അതിനാല്‍ത്തന്നെ ദരിദ്രരെ സഹായിക്കുക എന്നതാണ്‌ ദിനാചരണത്തിലൂടെ യുഎന്‍ ലക്ഷ്യമിടുന്നത്‌. 2015ഓടെ ആഗോളതലത്തിലുള്ള പട്ടിണിയുടെ തോത്‌ പകുതിയായി ക്കുറയ്‌ക്കുകയാണ്‌ ഐക്യരാഷ്ട്ര സംഘടനയുടെ ലക്ഷ്യം. വര്‍ഷം പട്ടിണി നിവാരണ ദിനത്തിന്റെ സന്ദേശ മായി യുഎന്‍ മുന്നോട്ടുവയ്‌ക്കുന്ന ആശയം `പട്ടിണിയെ ഇല്ലായ്‌മ ചെയ്യാന്‍ ഒത്തൊരുമിച്ച്‌' എന്നതാണ്‌.

കുട്ടികളില്‍ പട്ടിണി കിടക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ്‌ ഐക്യരാഷ്‌ട്ര സഭയുടെ പുതിയ വെളിപ്പെടുത്തല്‍. സേവ്‌ ചില്‍ഡ്രണ്‍ എന്ന അമേരിക്കന്‍ സംഘടന ലോകത്താകമാനം പട്ടിണികിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷമെത്തിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇത്‌ എത്രത്തോളം ഫലം കാണുമെന്നറിയില്ലെങ്കിലും അഭിമാനകരമായ ഒരു ആശയമാണ്‌ അവര്‍ മുന്നോട്ടുവയ്‌ക്കുന്നത്‌. സംഘടനയുടെ സിഇഒ ആയ ചാള്‍സ്‌ മക്കോര്‍മാക്‌ പറയുന്നത്‌ ശ്രദ്ധിക്കുക, മുന്‍വര്‍ഷങ്ങളെക്കാളധികമായി വര്‍ഷം ലോകത്താകമാനം ദിനംപ്രതി പട്ടിണി കിടക്കുന്നവരുടെ എണ്ണം വര്‍ഷം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. കുട്ടികളാണ്‌ ഇവരില്‍ നല്ലൊരു പങ്കും. അവര്‍ക്ക്‌ ഒരു നേരമെങ്കിലും ഭക്ഷണമെത്തിക്കാനാണ്‌ പരിപാടിയിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നത്‌.


മുന്‍ വര്‍ഷങ്ങളിലെ ഭക്ഷ്യദിനത്തിലെ ആശയങ്ങള്‍

2008 ഭക്ഷ്യ സുരക്ഷ- കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കിടയില്‍
2007 ഭക്ഷണത്തിനുള്ള അവകാശം
2006 ഭക്ഷ്യസുരക്ഷയ്‌ക്കായി കൃഷിക്ക്‌ പ്രധാന്യം നല്‍കുക
2005 കൃഷിയും സംസ്‌കാര കൈമാറ്റവും
2004 ഭക്ഷ്യസുരക്ഷയ്‌ക്കായി ജൈവവൈവിധ്യം
2003 അന്താരാഷ്‌ട്ര തലത്തില്‍ പട്ടിണിക്കെതിരേ പോരാടുക
2002 ഭക്ഷ്യ സുരക്ഷയ്‌ക്കുള്ള സ്രോതസ്‌- ജലം
2001 ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി പട്ടിണിക്കെതിരേ പോരാടുക

2000 പട്ടിണിയില്‍ നിന്നും മുക്തമായ ഒരു സഹസ്രാബ്‌ദം
1999 പട്ടിണിക്കെതിരേ യുവാക്കള്‍

1998 സ്‌ത്രീകള്‍ പട്ടിണി മാറ്റുന്നു
1997 ഭക്ഷ്യസുരക്ഷയ്‌ക്കായി നിക്ഷേപിക്കുക
1996 പട്ടിണി, പോഷകാഹാരക്കുറവ്‌ എന്നിവയ്‌ക്കതിരേ പോരാടുക
1995 എല്ലാവര്‍ക്കും ഭക്ഷണം
1994 ജീവന്‍ നിലനിര്‍ത്താന്‍ വെള്ളം
1993 പ്രകൃതി വൈവിധ്യം ഉപയോഗപ്പെടുത്തുക
1992 ഭക്ഷണവും പോഷകവും
1991 ജീവന്‍ നിലനിര്‍ത്താന്‍ മരങ്ങള്‍
1990 ഭാവിക്കായി ഭക്ഷണം
1989 ഭക്ഷണവും പരിസ്ഥിതിയും
1988 ഗ്രാമീണ യുവത്വം സംരക്ഷിക്കുക
1987 ചെറുകിട കര്‍ഷകരെ സംരക്ഷിക്കുക
1986 മത്സ്യത്തൊഴിലാളികളും അവരുടെ സമൂഹവും
1985 ഗ്രാമീണ ദാരിദ്ര്യ നിര്‍മാര്‍ജനം
1984 സ്‌ത്രീകളും കൃഷിയും
1983 ഭക്ഷ്യസുരക്ഷ
1982 ഭക്ഷണം എല്ലാറ്റിലും പ്രധാനം
1981 ഭക്ഷണം എല്ലാറ്റിലും പ്രധാനം

Sunday, October 11, 2009

ഒരു വയനാടന്‍ ശ്രവ്യാനുഭവം



``നിങ്കാ നിനെക്കിന്റെരിയോ... നമിന്റെ നാടുനെമു കാടുനെമു പൂവെനെമു ഒക്ക. ചന്തയൊക്ക നിങ്കണ്ട മനച്ചിലി തെളിഞ്ചു ബന്റോന്നോ. കാണിയല്ല...എവ്‌ടെയാന്റു ചന്തകീന്റ കാഴ്‌ചെ...?''
(നിങ്ങള്‍ ഓര്‍ക്കുന്നുവോ നമ്മുടെ നാടും കാടും പുഴയുമെല്ലാം... ആ മനോഹരമായ കാഴ്‌ച മനസില്‍ തെളിയുന്നുണ്ടോ...? ഇല്ല.. അല്ലേ! എവിടെയാണ്‌ ആ മനോഹരമായ കാഴ്‌ച...?)


ഏതാനും മാസം മുമ്പുവരെ വയനാട്ടിലെ ആദിവാസികള്‍ക്കു മാത്രം സുപരിചിതമായിരുന്ന ഭാഷാപ്രയോഗങ്ങള്‍ ഇപ്പോള്‍ ജില്ലയിലെ റേഡിയോ ശ്രോതാക്കള്‍ക്കു പരിചിതമായിക്കഴിഞ്ഞു. അടുത്തയിടെ വയനാട്ടില്‍ പ്രക്ഷേപണം ആരംഭിച്ച `റേഡിയോ മാറ്റൊലി'യാണ്‌ ഇതിനു കാരണം. കേരളത്തിലെ റേഡിയോ പ്രക്ഷേപണ രംഗത്ത്‌ ഒരു പുതിയ ചുവടുവയ്‌പ്‌. സംസ്ഥാനത്തെ ആദ്യത്തെ കമ്യൂണിറ്റി റേഡിയോ സ്റ്റേഷന്‍.


ആദിവാസികള്‍ അവതരിപ്പിക്കുന്ന `തുടിച്ചെത്തം' എന്ന പരിപാടിയിലെ ഒരു ഭാഗമാണ്‌ മുകളില്‍ വായിച്ചത്‌. ഇതുള്‍പ്പെടെ പൊതുജനത്തിന്‌ ആസ്വാദ്യവും ഉപകാരപ്രദവുമായ നിരവധി പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടാണ്‌ `റേഡിയോ മാറ്റൊലി' വയനാട്‌ ജില്ലയുടെ ശബ്ദമായി മാറിയിരിക്കുന്നത്‌. ഇതു വയനാടു ജില്ലയിലെ ഏക സ്വകാര്യ എഫ്‌ എം സ്റ്റേഷനാണ്‌.


അടിസ്ഥാന സൗകര്യവികസനത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന വയനാടിനെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്‌ ഈ റേഡിയോ സ്റ്റേഷന്‍. ഇന്ത്യയില്‍ 145-ാമത്തേതെങ്കിലും കേരളത്തില്‍ ആദ്യത്തേതായ കമ്യൂണിറ്റി റേഡിയോ സ്റ്റേഷന്‍ എന്നതു മാത്രമല്ല അഭിമാനകരമായ സംഗതി. വിനോദ പരിപാടികള്‍ ഇല്ലാതിരുന്നിട്ടും പോപ്പുലറായിത്തീര്‍ന്നിരിക്കുന്ന കമ്യൂണിറ്റി റേഡിയോ എന്നതാണു കൂടുതല്‍ പ്രധാനം.


2006 ഡിസംബറില്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗരേഖയ്‌ക്കു രൂപം കൊടുത്തു. അതേത്തുടര്‍ന്ന്‌ റേഡിയോ സ്റ്റേഷന്‍ തുടങ്ങാന്‍ ആദ്യം അപേക്ഷ കൊടുത്തതു വയനാട്‌ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയാണ്‌. മാനന്തവാടി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ വയനാട്‌ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി (ഡബ്ല്യു.എസ്‌.എസ്‌.എസ്‌). മാനന്തവാടി രൂപതാധ്യക്ഷനായ മാര്‍ ജോസ്‌ പൊരുന്നേടത്തിന്റെ പ്രത്യേക താത്‌പര്യപ്രകാരമാണ്‌ ഈ റേഡിയോ സ്റ്റേഷന്‍ അനുവദിച്ചുകിട്ടുന്നതിനായി സൊസൈറ്റി അപേക്ഷ കൊടുത്തത്‌. 34 വര്‍ഷം സാമൂഹിക പ്രവര്‍ത്തനരംഗത്തു പരിചയമുള്ള സൊസൈറ്റിക്ക്‌ അനുമതിയും കിട്ടി. കഴിഞ്ഞ ജൂണ്‍ ഒന്നിന്‌ സ്റ്റേഷനില്‍ നിന്ന്‌ പരീക്ഷണ പ്രക്ഷേപണം ആരംഭിച്ചു. ഔദ്യോഗികമായ ഉദ്‌ഘാടനം ജൂലൈ 25 നായിരുന്നു.

മാനന്തവാടിക്കടുത്ത പ്രദേശമായ ദ്വാരകയിലാണു സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്‌. 2009 ജൂലൈ 25ന്‌ വയനാട്‌ പാര്‍ലമെന്റ്‌ അംഗം എം. ഐ. ഷാനവാസാണ്‌ സ്റ്റേഷന്‍ ഉദ്‌ഘാടനം ചെയ്‌തത്‌. 90.4 ഫ്രീക്വന്‍സിയില്‍ സ്റ്റേഷന്‍ ശ്രോതാക്കള്‍ക്ക്‌ ലഭ്യമാക്കിയിരിക്കുന്നു.


തുടക്കത്തില്‍ പ്രസ്‌താവിച്ച `തുടിച്ചെത്തം' ആദിവാസികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പരിപാടിയാണ്‌. ദിവസേന ഇരുപതു മിനിറ്റ്‌ നീളുന്ന ഈ പരിപാടി അവതരിപ്പിക്കുന്നത്‌ ആദിവാസികള്‍ തന്നെ. വയനാട്ടിലെ ആദിവാസികളില്‍ എണ്ണത്തില്‍ കൂടുതലുള്ള പണിയര്‍, കാട്ടുനായ്‌ക്കര്‍, റാവുളര്‍ (അടിയര്‍) എന്നിവര്‍ അവരവരുടെ തനതു ഭാഷയിലും ശൈലിയിലുമാണ്‌ ഇതില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്‌. കുറുമരുടെ ഭാഷയിലും പരിപാടികള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍ സ്റ്റേഷന്‍ അധികൃതര്‍.
ട്രൈബല്‍ പരിപാടികള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ഒരു പ്രത്യേക പാനല്‍ ഇവിടെ ഉണ്ട്‌. റാവുള വിഭാഗത്തില്‍പ്പെട്ട അജയ്‌ പനമരം എന്ന കലാകാരനാണ്‌ അതിന്റെ കോ-ഓര്‍ഡിനേറ്റര്‍.


ആദിവാസികളുടെ ഭാഷയിലുള്ള പരിപാടികള്‍ക്കു ശ്രോതാക്കള്‍ ഏറെയാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്‌. ആദിവാസികള്‍ തങ്ങള്‍ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും നിരക്ഷരത കാരണം അറിയാതെ പോകുന്നുണ്ടായിരുന്നു. എന്നാല്‍ ഈ റേഡിയോ സ്റ്റേഷന്റെ വരവോടു കൂടി എല്ലാ കാര്യങ്ങളിലും ആദിവാസികള്‍ക്ക്‌ വിവരങ്ങള്‍ പകര്‍ന്നു നല്‍കാന്‍ `മാറ്റൊലി' പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്‌. പത്രവാര്‍ത്തകളും മറ്റ്‌ അറിയിപ്പുകളും അതത്‌ ആദിവാസി ഭാഷകളിലേക്ക്‌ തര്‍ജമ ചെയ്‌താണു പ്രക്ഷേപണം നടത്തുന്നത്‌.


വയനാടന്‍ മണ്ണിന്റെ ഗന്ധവും പാരമ്പര്യവുമുള്ള ആദിവാസികള്‍ക്ക്‌ തങ്ങളുടെ തനിമ കാത്തുസൂക്ഷിക്കാനും അതു ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനുമുള്ള അവസരമാണ്‌ ഇതുവഴി തുറന്നുകിട്ടിയിരിക്കുന്നത്‌. സ്വകാര്യ എഫ്‌ എം സ്റ്റേഷനുകള്‍ മലയാളത്തില്‍ ഇറക്കുമതിചെയ്‌ത റേഡിയോ ജോക്കി സംസ്‌കാരവുമായി ഇവരുടെ അവതരണശൈലിക്ക്‌ യാതൊരുവിധ ബന്ധവുമില്ല. ഓരോ ആദിവാസി വിഭാഗത്തിനും അതതിന്റെ സംസാര ശൈലിയും പെരുമാറ്റ രീതിയുമുണ്ട്‌. അവയെ ആയിരിക്കുന്ന അവസ്ഥയില്‍ ജനങ്ങളുടെ മുമ്പിലെത്തിക്കുന്നിടത്താണ്‌ റേഡിയോ മാറ്റൊലിയുടെ വിജയം. പ്രക്ഷേപണത്തില്‍ ഈ റേഡിയോ പുലര്‍ത്തുന്ന വ്യത്യസ്‌തത ആദിവാസിവിഭാഗങ്ങളുടെ ഇടയില്‍ ഇതിനു വലിയ പ്രചാരമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌.


മുഖ്യധാരയി ല്‍നിന്നു പിന്തള്ളപ്പെട്ട ആദിവാസികള്‍ക്കു തങ്ങളുടെ ശബ്ദം സമൂഹത്തില്‍ മാറ്റൊലിക്കൊള്ളിക്കാന്‍ `തുടിച്ചെത്തം' എന്ന പരിപാടി വഴി സാധിക്കുന്നു. ഇതു കൂടാതെ സ്റ്റേഷന്‍ അവതരിപ്പിക്കുന്ന മറ്റു പരിപാടികള്‍ക്കും ശ്രോതാക്കള്‍ കൂടിവരികയാണെന്ന്‌ അടുത്തയിടെ നടത്തിയ ഒരു സര്‍വേ കണ്ടെത്തി.


ഒരു കൊമേര്‍സ്യല്‍ എഫ്‌എം സ്റ്റേഷന്റെ യാതൊരുവിധ രൂപഭാവങ്ങളുമില്ലാതെയാണ്‌ റേഡിയോ മാറ്റൊലി പ്രക്ഷേപണം നടത്തുന്നത്‌. വയനാടന്‍ ജനതയുടെ ശ്രദ്ധയില്‍പ്പെടു ത്തേണ്ട വിഷയങ്ങള്‍ `അറിയിപ്പുകള്‍' എന്ന പരിപാടിയില്‍ ഇവര്‍ പ്രധാന്യ ത്തോടെ അവതരി പ്പിക്കുന്നുണ്ട്‌. വയനാടു ജില്ല യിലെ ജനങ്ങളെ ഉദ്ദേശിച്ചാണ്‌ ഈ പരിപാടി രൂപക ല്‌പന ചെയ്‌തി രിക്കുന്നത്‌. വൈദ്യുതി മുടക്കം, ഗതാഗത തടസം മുതലായ അറിയിപ്പുകള്‍ അതതു സമയം ജനങ്ങളില്‍ എത്തിക്കുന്നു. `ചുറ്റുവട്ടം' എന്ന പരിപാടിയില്‍ വയനാട്ടിലെ അതതു ദിവസത്തെ സംഭവവികാ സങ്ങള്‍ അവതരിപ്പിക്കുന്നു. ഉത്‌സവങ്ങള്‍, പെരുന്നാളുകള്‍ മുതലായ പ്രധാന പരിപാടികള്‍ ഇങ്ങനെ പൊതുജനശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്‌. കാര്‍ഷിക മേഖലയിലെ സ്‌പന്ദനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന `ഞാറ്റുവേല'യാണ്‌ മറ്റൊരു ജനപ്രിയ പരിപാടി.


വിവിധ മേഖലകളില്‍ പ്രാഗല്‌ഭ്യം തെളിയിച്ചവരെ പരിചയപ്പെടുത്തുന്ന `പ്രതിഭകളെ അറിയൂ', സ്‌ത്രീകള്‍ക്കായുള്ള `വനിതാ മാറ്റൊലി', കുട്ടികള്‍ക്കായുള്ള `മയില്‍പ്പീലി', ഗൃഹവൈദ്യ- നാട്ടുവൈദ്യ വിവരങ്ങള്‍ പകര്‍ന്നു നല്‍കുന്ന `നാട്ടറിവ്‌' മുതലായ പരിപാടികള്‍ ജനപ്രീതി പിടിച്ചുപറ്റിയവയാണ്‌. `ജനവാണി'യാണ്‌ മറ്റൊരു പ്രധാന പരിപാടി. വ്യക്തികളും സമൂഹങ്ങളും നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ അധികാരികളെ അറിയിക്കാനും അവയ്‌ക്കു പരിഹാരം തേടാനുമുള്ള ഒരു വേദിയായി മാറിയിരിക്കുകയാണ്‌ ജനവാണി. അടുത്തയിടെ റബര്‍ കര്‍ഷകരുടെ ഒരു പ്രശ്‌നം ഈ പരിപാടിയിലുടെ പ്രക്ഷേപണം ചെയ്‌തിരുന്നു. ഇത്‌ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്‌ റബര്‍ ബോര്‍ഡ്‌ വേഗത്തില്‍ പ്രശ്‌നം പരിഹരിച്ചു. സമാനമായ മറ്റൊരു പരിപാടിയാണു `ഘടികാരം'. ഏതെങ്കിലും പ്രശ്‌നം വിശദമായി പഠിച്ച്‌ ജനങ്ങളുടെ അഭിപ്രായങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഈ പരിപാടിക്ക്‌ ശ്രോതാക്കള്‍ ഏറെയാണ്‌.


കലയ്‌ക്കും സാഹിത്യത്തിനുമായി പ്രത്യേക പരിപാടികളാണ്‌ മാറ്റൊലിയില്‍ ഉള്ളത്‌. `അരങ്ങ്‌' എന്ന പരിപാടിയില്‍ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. ഒരു കാലത്ത്‌ റേഡിയോ പ്രേക്ഷകര്‍ കാത്തിരുന്നു കേട്ട റേഡിയോ നാടകങ്ങളും ലളിതഗാനം, കഥാപ്രസംഗം മുതലായ വയും `അരങ്ങി'ല്‍ അവതരിപ്പിക്കപ്പെടുന്നു. തൊഴിലന്വേഷകര്‍ക്കായി തയാറാക്കി അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയാണ്‌ `കരിയര്‍ മാറ്റൊലി.'


പതിനഞ്ചു കിലോമീറ്ററാണ്‌ വായുവില്‍ സ്റ്റേഷ ന്റെ ദൂരപരിധി. മിക്കവാറും വയനാടു ജില്ലയിലെ എല്ലാ പ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ക്ക്‌ പരിപാ ടികള്‍ ലഭ്യമാകുന്നുണ്ട്‌. ജില്ലയോടു ചേര്‍ന്നു കിടക്കുന്ന തമിഴ്‌നാടുഭാഗമായ നീലഗിരി, കണ്ണൂര്‍ ജില്ലയിലെ ആറളം തുടങ്ങിയ പ്രദേശങ്ങളിലും സ്റ്റേഷന്‍ ലഭ്യമാകുന്നുണ്ട്‌.


ബിഷപ്‌ മാര്‍ പൊരുന്നേടമാണ്‌ സ്റ്റേഷന്റെ ചെയര്‍മാന്‍. സ്റ്റേഷന്‍ ഡയറക്‌ടറായി പ്രവര്‍ത്തിക്കുന്നത്‌ മാനന്തവാടി രൂപതയിലെ മീഡിയ കമ്മീഷന്റെ ചെയര്‍മാനായ ഡോ. ഫാ. തോമസ്‌ തേരകമാണ്‌. അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ ഫാ. ജെയ്‌സ്‌ ബേബി ചെട്ട്യാശേരി, ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്‌. ഇവരെക്കൂടാതെ 124 പേര്‍ പല സമയ ങ്ങളില്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്‌. ഇവരില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍, റിട്ടയേര്‍ഡ്‌ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സിസ്റ്റേഴ്‌സ്‌, വൈദീകര്‍ എന്നിവരുമുണ്ട്‌. എട്ടുപേര്‍ മാത്രമാണ്‌ ശമ്പള വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍. ടെക്‌നീഷ്യ ന്മാരാണ്‌ ഇവര്‍. മറ്റുള്ളവര്‍ സാമൂഹിക സേവനമായാണ്‌ ഇവിടത്തെ ജോലിയെ കാണുന്നത്‌. ഇവര്‍ക്ക്‌ ആകെ ലഭി ക്കുന്നത്‌ ഉച്ചഭക്ഷണം മാത്രം. പ്രതിഫലേച്ഛ കൂടാതെ ധാരാളം പേര്‍ ജോലി ചെയ്യുന്നുവെന്നതാണ്‌്‌ കമ്യൂണിറ്റി സ്റ്റേഷന്‍ എന്ന നിലയില്‍ `റേഡിയോ മറ്റൊലി' യുടെ വിജയ രഹസ്യം.


സാങ്കേതിക വിദഗ്‌ധര്‍ക്കു ശമ്പളത്തിനുള്ള തുക കണ്ടെത്തുന്നത്‌ പരസ്യത്തിലൂടെയാണ്‌. മണിക്കൂറില്‍ അഞ്ചു മിനിറ്റ്‌ മാത്രമാണു പരസ്യത്തിനായി നീക്കിവച്ചിരിക്കുന്നത്‌. എന്നാല്‍ സ്‌പോണ്‍സേര്‍ഡ്‌ പ്രോഗ്രാമുകള്‍ക്ക്‌ അനുവാദമില്ല. സൗണ്ട്‌ റിക്കോര്‍ഡിംഗിന്‌ ഒഴിവുസമയങ്ങളില്‍ സ്റ്റുഡിയോ വാടകയ്‌ക്കു നല്‍കി കിട്ടുന്ന വരുമാനമാണ്‌ പരസ്യത്തിനു പുറമേയുള്ള ഏക സാമ്പത്തിക സ്രോതസ്‌.
താമസിയാതെ പ്രക്ഷേപണ സമയം ദീര്‍ഘിപ്പിക്കാനും പദ്ധതിയുണ്ട്‌. പരിപാടികളുടെ എണ്ണവും വര്‍ധിപ്പിക്കും.


മറ്റു സ്വകാര്യ എഫ്‌എം സ്റ്റേഷനുകളെപ്പോലെ വാര്‍ത്താ വതരണത്തിനുള്ള അനുമതി ഈ സ്റ്റേഷനും ഇല്ല.
മാനന്തവാടി രൂപതയുടെ കീഴിലാണു സ്റ്റേഷന്‍ പ്രവര്‍ത്തി ക്കുന്നതെങ്കിലും ഇതിലെ പരിപാടികള്‍ തികച്ചും മതേതരമാണ്‌. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരുടെ പരിപാടികളും ഇതില്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്‌. `കര്‍ക്കടകം' എന്ന പരിപാടി രാമായണ മാസത്തില്‍ പ്രക്ഷേപണം ചെയ്‌ത പരിപാടിയാണ്‌. `റംസാന്‍ മാറ്റൊലി' യായിരുന്നു മറ്റൊരു പ്രധാന പരിപാടി. ഓരോ മതത്തെയും കുറിച്ച്‌ മറ്റുളളവര്‍ക്ക്‌ അറിവു പകര്‍ന്നു കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഇത്തരം പരിപാടികള്‍ അവതരിപ്പിക്കുന്നത്‌.


വിദ്യാഭ്യാസം, പുരോഗതി, മതസൗഹാര്‍ദം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്‌ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്‌. വിനോദ പരിപാടികള്‍ക്ക്‌ അമിതപ്രാധാന്യം നല്‍കിയിട്ടില്ല. ഒരു അടിപൊളി റേഡിയോ സ്റ്റേഷന്‍ എന്ന കാഴ്‌ചപ്പാടിലല്ല മാറ്റൊലിയുടെ പ്രവര്‍ത്തനം. സമൂഹ നന്മയ്‌ക്കുതകുന്ന കാര്യങ്ങള്‍ രസകരമായ രീതിയില്‍ അവതരിപ്പിക്കാറുണ്ട്‌. വല്ലപ്പോഴും ഒരു ചലച്ചിത്രഗാനവും ഉള്‍പ്പെടുത്തും.


തുടക്കത്തില്‍ ദിവസം നാലു മണിക്കൂറാണ്‌ പ്രക്ഷേപണം ഉണ്ടായിരുന്നത്‌. രാവിലെ ആറുമുതല്‍ എട്ടു വരെയും വൈകിട്ട്‌ ആറുമുതല്‍ എട്ടുവരെയമായിരുന്നു അത്‌. ഇപ്പോള്‍ രണ്ടൂ മണിക്കൂര്‍കൂടി പ്രക്ഷേപണസമയം വര്‍ധിപ്പിച്ച്‌ ആറുമണിക്കൂര്‍ ആക്കിയിട്ടുണ്ട്‌. ഉച്ചതിരിഞ്ഞ്‌ ഒന്നുമുതല്‍ മൂന്നുവരെയാണ്‌ ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്ന സമയം.


വളരെ വിപുലമായ സംവിധാനമാണ്‌ റേഡിയോ സ്റ്റേഷനില്‍ ഉള്ളത്‌. ട്രാന്‍സ്‌മിറ്റര്‍, ഓണ്‍ എയര്‍ സ്റ്റുഡിയോ, അത്യാധുനിക റിക്കോര്‍ഡിംഗ്‌ റൂം എന്നിവയ്‌ക്കു പുറമേ ലൈവ്‌ റിപ്പോര്‍ട്ടിംഗിനു സഹായിക്കുന്ന ഔട്ട്‌ഡോര്‍ ബ്രോഡ്‌കാസ്റ്റിംഗ്‌ യുണിറ്റും ഉണ്ട്‌.


വയനാടിന്റെ സാംസ്‌കാരിക തനിമ ഉയര്‍ത്തിപ്പിടിക്കുന്ന പരിപാടികള്‍ അവതരിപ്പിച്ച്‌ റേഡിയോ മാറ്റൊലി വയനാടന്‍ സംസ്‌കാരത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ``റേഡിയോ മാറ്റൊലി, മാറ്റത്തിന്റെ ശംഖൊലി'' എന്നത്‌ ഇപ്പോള്‍ വയനാട്‌ ജില്ലയിലെ റേഡിയോ ശ്രോതാക്കളുടെ ഇടയില്‍ പ്രചരിച്ചുവരുന്ന വാക്യമായി രിക്കുന്നു.


ഈ ജനപ്രീതി തുടരുമെന്നുതന്നെ കരുതണം. കാരണം ഇത്‌ ഒരു സംസ്‌കാരത്തിന്‌ കൈവന്നിരിക്കുന്ന ശബ്ദമാണ്‌.

Sunday, April 19, 2009

എന്റെ കൂടെ ....................

എനിക്ക്‌ പറക്കാന്‍ മോഹമുണ്ട്‌.................കൂടെ എന്റെ നിഴലും ഉണ്ടാകണം. എന്റെ സ്വന്തം നിഴല്‍................എത്ര വെളിച്ചം പരന്നാലും മറയാത്ത എന്റെ മാത്രം.......

വെറുതേ ........................................

സ്വപ്‌നം കാണാന്‍ ടാക്‌സുണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്നേ ദരിദ്രനായേനെ..............

എന്റെ നിഴല്‍ പ്രേമം

ഞാന്‍ പ്രണയിക്കുന്നത്‌ ഒരു നിഴലിനെയാണ്‌. എന്നാല്‍ ബുദ്ധിയില്‍ വെളിച്ചം പരക്കുമ്പോള്‍ ആ നിഴല്‍ മരിക്കില്ലെന്നുറപ്പ്‌

ഒരു വാക്കെങ്കിലും.........!

നിന്നോട്‌ സംസാരിക്കാന്‍ വാക്കുകള്‍ കിട്ടാത്തപ്പോള്‍ ഞാന്‍ ഒരു കല്ലെടുത്ത്‌ എന്റെ നെഞ്ചിനു മുകളില്‍ വയ്‌ക്കാറുണ്ടായിരുന്നു. ഇപ്പോള്‍ എന്റെ നെഞ്ചില്‍ നിന്നാണ്‌ നാട്ടിലെ പൊതുമരാമത്ത്‌ പണിക്കുള്ള കല്ലുകള്‍ പൊട്ടിക്കുന്നത്‌.

രണ്ടു വരി

ജനലഴി പിടിച്ച്‌ നോക്കെത്താദൂരത്തായി നോട്ടമെറിഞ്ഞപ്പോള്‍ സ്‌മൃതി തന്‍ സംഗമസ്ഥാനത്ത്‌ നിന്നെ കണ്ടെത്തി.

Friday, April 17, 2009

ഞാന്‍ നിലാവില്‍ അറിയാതെ പോയ നിറക്കുട്ട്‌


നിലാവില്‍ഈ കുളിരില്‍വിറയ്‌ക്കുമെന്‍ നെഞ്ചില്‍മുഖം ചേര്‍ത്ത നിന്‍മൂര്‍ദ്ധാവില്‍ഞാന്‍ തൊട്ട ചുംബന സിന്ദൂരംമാഞ്ഞുപോയെന്ന്‌നീ പരിഭവിച്ചു.നിന്റെ നിറമുള്ളൊരധരങ്ങള്‍എന്റെ മാറില്‍പടര്‍ത്തിയ നിറങ്ങള്‍ക്ക്‌നിന്നോട്‌ ഞാനും പരിഭവിക്കുന്നു.